ചെങ്കൊടിയേന്തിയ ഓർമ്മ ബാക്കി: സഖാക്കൾ കാത്തിരുന്നു; പരമുപിള്ള എത്തിയില്ല

Friday 01 August 2025 1:11 AM IST

കൊല്ലം: ഒരുവട്ടം കൂടി പരമുപിള്ളയ്ക്കൊപ്പം 'സഖാക്കളെ മുന്നോട്ട്' എന്ന് ഉച്ചത്തിൽ വിളിക്കണമെന്ന് കൊല്ലത്തുകാർ സ്വപ്നം കണ്ടിരുന്നു. ഈ സ്വപ്നം തകർത്താണ് കെ.പി.എ.സിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിൽ പരമുപിള്ളയുടെ വേഷമിടുന്ന പ്രസിദ്ധ നാടക നടനും സീരിയൽ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ നാല് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.

1952ൽ ഡിസംബർ 6ന് ചവറയിൽ ആദ്യമായി അവതരിക്കപ്പെട്ടതിന് പിന്നാലെ, കൊല്ലത്ത് നൂറുകണക്കിന് വേദികളിൽ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അവതരിപ്പിച്ചിട്ടുണ്ട്. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം കന്റോൺമെന്റ് മൈതാനത്ത് ഇക്കഴിഞ്ഞ ബുധനാഴ്ചയിലേക്ക് ഈ നാടകം ബുക്ക് ചെയ്തിരുന്നു. നാടകത്തിൽ സുമത്തിന്റെ വേഷമിടാൻ വടകരയിൽ നിന്ന് പുതിയ അഭിനേത്രി എത്തി. കൊല്ലത്തെ അവതരണത്തിന് മുന്നോടിയായി പുതിയ അഭിനേത്രിക്ക് കഥാപാത്രത്തെ ഉൾക്കൊള്ളാനുള്ള റിഹേഴ്സൽ കായംകുളം കെ.പി.എ.സി ആസ്ഥാനത്ത് നടന്നുവരുകയായിരുന്നു. ഇതിനിടയിൽ കഴിഞ്ഞ 27ന് നേരിയ പനിയെ തുടർന്ന് രാജേന്ദ്രനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതോടെ അടുത്ത ദിവസം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ കെ.പി.എ.സി ഓഫീസിൽ നിന്ന്, നാടകം അവതിരിപ്പിക്കാനാകില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വത്തെ അറിയിച്ചു. എന്നിട്ടും രാജേന്ദ്രൻ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കന്റോൺമെന്റ് മൈതാനത്ത് ബുധനാഴ്ച നാടകം അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. നായികയായ മാലയിൽ നിന്ന് പരമുപിള്ള ചെങ്കൊടി ഏറ്റുവാങ്ങുന്നതോടെയാണ് നാടകത്തിന്റെ തിരശീല വീഴുന്നത്. ആദ്യം കാമ്പിശേരി കരുണാകരനും പിന്നാലെ പി.ജെ.ആന്റണിയുമാണ് പരമുപിള്ളയുടെ വേഷമിട്ടത്. പിന്നീട് കഴിഞ്ഞ 30 വർഷമായി പരമുപിള്ളയുടെ വേഷമിട്ടിരുന്നത് കെ.പി.എ.സി രാജേന്ദ്രനാണ്.