വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെ.എസ്.ഇ.ബി ഓവർസിയർക്ക് സസ്പെൻഷൻ

Friday 01 August 2025 1:13 AM IST

കൊല്ലം: തേവലക്കര ബോയ്സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബി തേവലക്കര സെക്ഷൻ ഓഫീസിലെ ഓവർസിയർ എസ്.ബിജുവിനെ വൈദ്യുതി ഭവനിലെ എച്ച്.ആർ.എം ചീഫ് എൻജിനിയർ സസ്പെൻഡ് ചെയ്തു. കെ.എസ്.ഇ.ബി സുരക്ഷാ കമ്മിഷണർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ക്ലാസ് മുറിക്ക് സമീപത്ത് കൂടിയും സൈക്കിൾ ഷെഡിന്റെ മേൽക്കൂരയോട് ചേർന്നും ത്രീ ഫേസ് ലൈൻ ഉയർത്തിയ സുരക്ഷാ പ്രശ്നം കണ്ടെത്തി പരിഹരിക്കാഞ്ഞതിനാണ് നടപടി.

മിഥുന്റെ വീട് സന്ദർശിച്ച മന്ത്രി കെ.കൃഷ്ണൻകുട്ടി ഇന്നലെ കെ.എസ്.ഇ.ബിയുടെ രണ്ടാംഘട്ട സമാശ്വാസ ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ഒപ്പമുണ്ടായിരുന്നു. നേരത്തെ അഞ്ചുലക്ഷം രൂപ നൽകിയിരുന്നു.