സുജിത് ഭാസ്‌കറിന് തത്വമസി അവാർഡ്
കണ്ണൂർ: ഡോ. സുകുമാർ അഴീക്കോട് തത്വമസി സാംസ്‌കാരിക അക്കാഡമിയുടെ 2025 ലെ നോവൽ പുരസ്‌കാരം കേരളകൗമുദി കണ്ണൂർ ബ്യൂറോ ചീഫ് സുജിത് ഭാസ്‌കറിന് (കെ.സുജിത്). മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ജലസ്മാരകം എന്ന നോവലിനാണ് പുരസ്‌കാരം. ആഗസ്റ്റ് 9ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഹാളിൽ നടക്കുന്ന സുകുമാർ അഴീക്കോട് ജന്മശതാബ്ദിയാഘോഷ സാഹിത്യോത്സവത്തിൽ പുരസ്‌കാരദാനം നടക്കും. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച, ഡോ. സി. ഗണേഷ് രചിച്ച ബംഗ എന്ന നോവലും പുരസ്‌കാരം പങ്കിട്ടു. 11111 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം. അഴീക്കോട് സാംസ്‌കാരിക അക്കാഡമി രക്ഷാധികാരി റിട്ട. ജസ്റ്റിസ് കെമാൽ പാഷ, ചെയർമാൻ ടി.ജി.വിജയകുമാർ, അയ്മനം ജോൺ, ബി.രാമചന്ദ്രൻ നായർ എന്നിവരും തത്വമസി സാംസ്‌കാരിക അക്കാഡമിയുടെ 12 പേരടങ്ങുന്ന അഡ്മിൻ പാനലും ചേർന്നാണ് പുരസ്‌കാര നിർണയം നടത്തിയത്. ലോക്സഭ പി.എ.സി ചെയർമാൻ കെ.സി.വേണുഗോപാൽ എം.പി സുകുമാർ അഴീക്കോട് ജന്മശതാബ്ദിയാഘോഷ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. കുരീപ്പുഴ ശ്രീകുമാർ പുരസ്‌കാര സമർപ്പണം നടത്തും. ജസ്റ്റിസ് കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും.