റോഡിനായി കുന്നിടിക്കൽ: പരാതിപ്പെടാനുള്ള പേരും നമ്പറും പ്രദർശിപ്പിക്കും
കൊച്ചി: ദേശീയപാതയ്ക്കായി കുന്നുകൾ അനുവദനീയമായതിലേറെ ഇടിക്കുന്നുണ്ടെങ്കിൽ പരാതി അറിയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഫോൺ നമ്പറുള്ള ബോർഡുകൾ അതത് പ്രദേശത്ത് വയ്‌ക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.ഒരോ പദ്ധതിയുടെയും ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും നമ്പറുമാകും ബോർഡിലുണ്ടാവുക
കോഴിക്കോട് ചേളന്നൂർ സ്വദേശി പി.പ്രദീപ്‌കുമാർ ഉൾപ്പെടെ നൽകിയ ഹർജിയാണ് പരിഗണിച്ചത്.അനുവദനീയമായതിലേറെ കുന്നിടിക്കുന്നതിലും മണ്ണ് നീക്കുന്നതിലും പരാതി അറിയിക്കാൻ നിലവിൽ മാർഗമില്ലെന്ന് ഹർജിക്കാർ പറഞ്ഞു.തങ്ങളുടെ പ്രദേശത്തെ മലനിരത്തുന്നത് നൂറോളം കുടുംബങ്ങളെ ബാധിക്കുന്നതായും വാദിച്ചു.ദേശീയപാത അതോറിറ്റിയാണ് നിർമ്മാണ സ്ഥലത്ത് നിശ്ചിത ദൂരം ഇടവിട്ട് ബോർഡുകൾ വയ്‌ക്കാമെന്ന നിർദ്ദേശിച്ചത്.ഇത് രേഖപ്പെടുത്തിയാണ് ഡിവിഷൻബെഞ്ച് ഉത്തരവിറക്കിയത്.