ഗവർണറുടെ പ്രവൃത്തിയും വാക്കും രണ്ട്: മന്ത്രി ബിന്ദു
മലപ്പുറം: കേരള സർവകലാശാല വിഷയത്തിൽ ഗവർണറുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് മന്ത്രി ആർ.ബിന്ദു. സർവകലാശാല തർക്കം പരിഹരിക്കാൻ സർക്കാർ ശ്രമിച്ചു. മുഖ്യമന്ത്രി നേരിട്ടു കണ്ടപ്പോൾ ഗവർണർ രമ്യമായി സംസാരിച്ചു. പുറത്തിറങ്ങിയപ്പോൾ ഗവർണർ വിരുദ്ധമായി പ്രവർത്തിച്ചു. സർക്കാരിനെ പാടെ അവഗണിച്ച് മുന്നോട്ടുപോകുമെന്ന ദുശ്ശാഠ്യം നല്ലതല്ല.
സർക്കാരുമായി ആലോചിക്കാതെ ഏകപക്ഷീയമായും ഏകാധിപത്യപരമായും തീരുമാനമെടുക്കണമെന്ന് ചാൻസലർ വാശിപിടിക്കുന്നത് കാവിവത്കരണ അജൻഡയുടെ ഭാഗമായാണ്.ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ ആവർത്തിക്കുമ്പോഴാണ് ചാൻസലറുടെ ഭാഗത്തു നിന്ന് ആരോഗ്യപരമല്ലാത്ത സമീപനങ്ങൾ സർവകലാശാലകൾക്ക് നേരെ ഉണ്ടാവുന്നത്.
'വേനലവധി മാറ്റം
പരിഗണനയിലില്ല'
വേനലവധി മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആലോചിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു. വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മുന്നിൽ അത്തരമൊരു ആവശ്യം വന്നിട്ടുണ്ടാവാം. കാലങ്ങളായി ഈ മഴ കൊണ്ടിട്ട് തന്നെയാണല്ലോ വിദ്യാർത്ഥികൾ പഠിച്ചത്. മാറ്റം വേണമെങ്കിൽ വിദ്യാർത്ഥികൾ ആവശ്യപ്പെടട്ടെ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ളവർ ആവശ്യപ്പെട്ടാലേ അക്കാര്യം ആലോചിക്കേണ്ടതുള്ളൂ.