വ്യാജ പരാതിയിൽ 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം
ആലപ്പുഴ:ആൺസുഹൃത്തിനെ രക്ഷിക്കാൻ പെൺകുട്ടി കൊടുത്ത കള്ളമൊഴിൽ 75കാരൻ പോക്സോ കേസിൽ ജയിലിൽ കഴിഞ്ഞത് 285 ദിവസം.പിന്നീട് പെൺകുട്ടി മൊഴിമാറ്റിയതിനെത്തുർടന്ന് കോടതി ജയിൽ മോചിതനാക്കി.ആലപ്പുഴ ആറാട്ടുവഴി മുല്ലശേരി വീട്ടിൽ എം.ജെ. ജോസഫിനെയാണ് ആലപ്പുഴ പോക്‌സോ കോടതി ജഡ്‌ജിയും അഡിഷണൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജിയുമായ റോയ് വർഗീസ് ജയിൽമോചിതനാക്കിയത്.2022ലാണ് കേസ് രജിസ്റ്റർ ചെയ്തത്.നഗരത്തിലെ ഒരു സ്കൂളിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ജോസഫ് വിദ്യാർത്ഥിനിയുടെ മാതാവിനെ പരിചയപ്പെടുകയും വീട്ടിലേക്ക് സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.ആ കാലയളവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പരാതി.വിദ്യാർത്ഥിനി സ്കൂളിൽ കൂട്ടുകാരോട് വിവരം പറഞ്ഞതിനെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.പെൺകുട്ടി ഗർഭിണിയാണെന്ന ആരോപണം കുറ്റപത്രത്തിൽ ഒഴിവാക്കി.ജാമ്യം നിഷേധിച്ചതോടെ റിമാൻഡ് തടവുകാരനായി തുടർന്നു.കാമുകനുമായുള്ള ബന്ധം സംബന്ധിച്ച് ഉപദേശിച്ചതിലുള്ള വൈരാഗ്യത്തിലും കാമുകനെ രക്ഷിക്കുന്നതിനുമാണ് കള്ളപ്പരാതി നൽകിയതെന്നും ജോസഫ് ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും വിചാരണ സമയത്ത് പെൺകുട്ടി മൊഴിമാറ്റി.തുടർന്ന് കേസ് വീണ്ടും അന്വഷിക്കാൻ കോടതി ആലപ്പുഴ നോർത്ത് പൊലീസിന് നിർദേശം നൽകി.കാമുകനെതിരെ കേസെടുത്ത് കുറ്റപത്രം നൽകി.അപ്പോഴും ജോസഫിനെതിരായ കേസ് അവസാനിപ്പിച്ചിരുന്നില്ല.തുടർന്ന് രണ്ടാമതും വിദ്യാർത്ഥിനിയെ വിസ്തരിച്ചശേഷമാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്.പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ പി.പി.ബൈജു,ഇ.ഡി.സഖറിയാസ് എന്നിവർ കോടതിയിൽ ഹാജരായി.