സ്ഥലസൗകര്യവും വികസനസൗധ്യതകളും: പാതാർ ഹാർബർ ഉപയോഗപ്പെടുത്തണം
കാർത്തിക് കൃഷ്ണ
പൊന്നാനി: പൊന്നാനിയുടെ ഹാർബറായിരുന്ന പാതാർ പ്രദേശം ഇന്ന് അവഗണനയിലാണ്. ചരിത്രകാലം മുതൽ ഒട്ടനവധി ഉരു, പത്തേമാരികൾ മുംബൈ പോലെയുള്ള നഗരങ്ങളിൽ നിന്നും തീരത്ത് അടുത്തിരുന്നത് ഈ പാതാർ പ്രദേശത്തായിരുന്നു. പാതാറിൽ മത്സ്യ കച്ചവടവും സജീവമായിരുന്നു. എന്നാൽ കാലന്തരത്തിൽ ഇവിടത്തെ വാർഫ് നശിച്ചു മത്സ്യ കച്ചവടം നിറുത്തി. ഇന്ന് ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ഒറ്റപെട്ട ഇടമായി പാതാർ മാറി. മുൻ കാലങ്ങളിൽ ഇവിടെനിന്ന് മത്സ്യം,സിമന്റ് നാളികേരം കൂടാതെ ധാന്യങ്ങളടക്കം ഇവിടെ കേരളത്തിനകത്തും പുറത്തുമായും കൂടാതെ വിവിധ സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്തിരുന്നു മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന ധാന്യങ്ങളും, സിമെന്റും, പരുത്തിയും, കരിമ്പുമെല്ലാം ഇവിടെയാണ് ഇറക്കുമതി ചെയ്തിരുന്നത്. പിന്നീട് ഇവിടെ മണ്ണ് അടിഞ്ഞു കൂടി. ഇവിടം ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടൽ പ്രവർത്തികൾ നടത്തിയതോടെ ബോട്ടുകളും മത്സ്യബന്ധന വള്ളങ്ങളും നങ്കൂരമിടാൻ തുടങ്ങി. അന്നെല്ലാം ഇവിടെയാണ് കൂടുതലായും ബോട്ടുകളും മറ്റും നങ്കുരമിട്ടിരുന്നത് പക്ഷെ പിന്നീട് പൊന്നാനി ഫിഷിങ് ഹാർബർ വന്നതോടെ പാതാർ ഒഴിവാക്കപ്പെടുകയായിരുന്നു. ഈ സ്ഥലത്തിന്റെ പേരിൽ നിലവിൽ തുറമുഖ വകുപ്പും ഹാർബർ എഞ്ചിനീയറിംഗ് വിഭാഗവും തമ്മിൽ നിലനിൽക്കുന്ന തർക്കം മൂലമാണ് ഇവിടെ ഇപ്പോൾ ഡ്രഡ്ജിങ് നടക്കാതെ പോകുന്നത്. പ്രദേശം നിലവിൽ ആഴം കൂട്ടിയാൽ ഒട്ടനവധി ബോട്ടുകൾക്കും ചെറുവള്ളങ്ങൾക്കും ഏറെ സൗകര്യമാകും. പുഴഭാഗമായതിനാൽ വലിയ തോതിൽ വെള്ളം ഓളം ഉണ്ടാകില്ല. ഇത് ബോട്ടുകൾ കൂട്ടിയിടിച്ചു ഉണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കും. നിലവിൽ പൊന്നാനി ഹാർബറിൽ ചെറിയ സ്ഥലത്താണ് നിരവധി ബോട്ടുകൾ നിറുത്തിയിട്ടിരിക്കുന്നത്. അതിനാൽ തന്നെ ബോട്ടുകളുടെ കൂട്ടിയിടിയും ഇവിടെ കൂടുതലാണ്. ലേല ഹാൾ തിങ്ങി നിറഞ്ഞ അവസ്ഥയിലാണ് പലപ്പോഴും മത്സ്യ കച്ചവടം നടക്കുന്നത്. എന്നാൽ പാതാർ നവീകരിച്ചാൽ ഇവിടം ഒട്ടനവധി ബോട്ടുകളും ചെറുവള്ളങ്ങളും നിർത്തിയിടുന്നതിനും ഒപ്പം മത്സ്യ കച്ചവടം സുഗമമാക്കുന്നതിനും സൗകര്യമാകും. നിലവിൽ ഇവിടം നിറയെ മാലിന്യം നിറഞ്ഞു മൂക്കു പൊത്തി നടക്കേണ്ട അവസ്ഥയാണ്. പുഴ വെള്ളം പോലും മലിനമായി കറുത്ത നിറത്തിലായി മാറി. ഇത് ജലജന്യ രോഗങ്ങൾ പടരാനും ഇടയാക്കുന്നു.
പ്രദേശം നവീകരിച്ചു വീണ്ടും സജീവമാക്കി ചെറുവള്ളങ്ങൾക്കും ബോട്ടുകൾക്കും നങ്കുരമിടാൻ സൗകര്യം ഒരുക്കണം
സക്കീർ അഴീക്കൽ
മത്സ്യ തൊഴിലാളി കോൺഗ്രസ്