ട്രോളിംഗ് നിരോധന ചങ്ങലയഴിച്ചു: ചാകരക്കൊയ്‌ത്തു തേടി ബോട്ടുകൾ കടലിലേക്ക്

Friday 01 August 2025 2:10 AM IST

കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ചാകരതേടി സംസ്ഥാനത്തെ തുറമുഖങ്ങളിൽ നിന്ന് ബോട്ടുകൾ ഇന്നലെ അർദ്ധരാത്രി മുതൽ കടലിലിറങ്ങി. ഇന്നലെ രാത്രി 12ന് ഫിഷറീസ് ഉദ്യോഗസ്ഥരെത്തി നീണ്ടകര പാലത്തിന് കുറുകെ കെട്ടിയ ചങ്ങല നീക്കി. ഇന്ന് മുതൽ ലേലഹാളുകളും മത്സ്യസംസ്കരണ യൂണിറ്റുകളും സജീവമാകും. തയ്യാറെടുപ്പിന്റെ ഭാഗമായി നാല് ദിവസം മുമ്പേ ബോട്ടുകളിൽ ഐസ് നിറച്ചുതുടങ്ങിയിരുന്നു.

ആലപ്പുഴ തോട്ടപ്പള്ളിക്കടുത്ത് കപ്പൽ മുങ്ങിയതും ശക്തമായ കാറ്റും മഴയും കാരണം ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനങ്ങളിൽ കാര്യമായ വരുമാനം തൊഴിലാളികൾക്ക് ലഭിച്ചിരുന്നില്ല. അതിനാൽ വലിയൊരു വിഭാഗം ബോട്ടുകൾ അറ്റകുറ്റപ്പണിയില്ലാതെയും പുതിയ വലയില്ലാതെയുമാണ് മീൻപിടിക്കാനിറങ്ങിയത്. ശക്തികുളങ്ങര ഹാർബറിൽ നിന്നാണ് സംസ്ഥാനത്ത് കൂടുതൽ ബോട്ടുകളുള്ളത്.

പ്രതീക്ഷ ചെമ്മീനിലും കണവയിലും

 ഇടത്തരം ബോട്ടുകളിൽ കരിക്കാടി, പൂവാലർ, നാരൻ, ടൈഗർ ചെമ്മീൻ വേട്ട

 വലിയ ബോട്ടുകൾ പ്രതീക്ഷിക്കുന്നത് പേക്കണവ, ഓലക്കണവ, കിളിമീൻ, ഉലുവ, കഴന്തൻ ചെമ്മീൻ

 ട്രോളിംഗ് ബോട്ടുകൾ-3763  ഒരു ബോട്ടിലെ തൊഴിലാളികൾ:10-15

 തൊഴിലാളികൾ- 50000 (ഏകദേശം)

 തദ്ദേശീയർ-25000 (ഏകദേശം)

 അനുബന്ധ തൊഴിലാളികൾ-2.5 ലക്ഷം

നിയന്ത്രണ പരിധി- കേരളതീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ

'മഴ പെയ്‌ത് കടൽ തണുത്ത് കിടക്കുന്നതിനാൽ വലിയ കോള് പ്രതീക്ഷിച്ചാണ് ബോട്ടുകൾ കടലിലേയ്‌ക്ക് കുതിച്ചത്".

- മത്സ്യത്തൊഴിലാളികൾ