ഊണിനൊപ്പം ഇനി സാമ്പാറും അവിയലും കഴിക്കാതിരിക്കാം, ഇക്കുറിയും വില്ലനായത് ഇവർ
കോഴിക്കോട്: മലയാളിയുടെ അടുക്കളയെ പൊള്ളിക്കാൻ വീണ്ടും പച്ചക്കറി വിലയിൽ കുതിച്ചുചാട്ടം. ഒരാഴ്ചക്കിടെ പല പച്ചക്കറിക്കും ഇരട്ടിയോളം വില ഉയർന്നു. ജില്ലയിലേക്ക് പച്ചക്കറി എത്തുന്ന ദക്ഷിണ കർണാടകയിലെ കൃഷിയിടങ്ങളിലുണ്ടായ കനത്ത മഴയാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് പാളയത്തെ മൊത്ത വ്യാപാരികൾ പറയുന്നു.
ഓണക്കാലം അടുക്കുന്നതോടെ പച്ചക്കറി വില ഇനിയും ഉയരാനുള്ള സാദ്ധ്യതയാണ് വ്യാപാരികൾ കാണുന്നത്. ഒരാഴ്ച മുമ്പ് കിലോയ്ക്ക് 50 രൂപയുണ്ടായിരുന്ന പച്ചമുളകിന് 80 രൂപയായി. 15 രൂപയായിരുന്ന വെളളരി 30 രൂപയിലെത്തി. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ആയി. 18 രൂപ വരെ വില താഴോട്ടുപോയ തക്കാളി വില 40 ലേക്കുയുർന്നു. മുരിങ്ങ, പച്ചക്കായ എന്നിവയുടെ വിലയിൽ മാത്രമാണ് അൽപം ആശ്വാസം. മൂന്നുമാസം മുമ്പ് കിലോയ്ക്ക് 50 രൂപവരെ ഉയർന്ന മുരിങ്ങയ്ക്ക് വില 45 രൂപയാണ്. കറിക്കായ വില 30നും 40നും ഇടയിലാണ് നിൽക്കുന്നത്. ഓണ വിപണി ലക്ഷ്യമാക്കിയുള്ള നാടൻ വെള്ളരി, കക്കിരി കൃഷികൾ മഴ കനത്തതോടെ അവതാളത്തിലാണ്.
പച്ചമുളക് - 80
കക്കിരി -50
തക്കാളി -40
ചേന -80
പാവയ്ക്ക -50
വഴുതന -30
വെണ്ട - 60
കാരറ്റ് -60
'' കർണാടകയിൽ നിന്ന് പച്ചക്കറി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മഴ ശക്തമായതോടെ ഓണം വിപണി ലക്ഷ്യമാക്കി നടത്തിയ കൃഷിയും പ്രതിസന്ധിയിലാണ്.
- ധനേഷ്, മൊത്ത വ്യാപാരി , പാളയം മാർക്കറ്റ്