ദേശീയ ട്രാൻസ്പോർട്ട്‌ സംഘടനയിലെ  സാരഥിയായി ഓട്ടോ ഡ്രൈവർ സൂസി

Friday 01 August 2025 2:14 AM IST

തിരുവനന്തപുരം:വലിയതുറയുടെ തീരദേശ മണ്ണിൽ നിന്ന് സൂസി എത്തിനിൽക്കുന്നത് ട്രേഡ് യൂണിയൻ തലത്തിലെ ദേശീയ ഭാരവാഹി പദവിയിൽ.ഓൾ ഇന്ത്യ ട്രാൻസ്പോർട്ട്‌ വർക്കേഴ്‌സ്‌ ഫെഡറേഷൻ അഖിലേന്ത്യ സമ്മേളനത്തിൽ വലിയതുറ വേളാങ്കണ്ണി ജംഗ്ഷൻ രേഷ്മഭവനിൽ എ.സൂസിയെ വൈസ് പ്രസിഡന്റായാണ് തിരഞ്ഞെടുത്തത്. 14 വർഷമായി തൈയ്ക്കാട് സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവറാണ് സൂസി.

നിലവിൽ സംഘടന ജനറൽ കൗൺസിൽ അംഗമാണ്.

ജീവിത സാഹചര്യത്തോട് പൊരുതുന്ന സൂസിയ്ക്ക് പുതിയ ഭാരവാഹിത്വം അഭിമാനമാണ്. ഭർത്താവ് ജൂഡ് 14 കൊല്ലം മുൻപ് കരൾ രോഗബാധയെ തുടർന്ന് മരിച്ചു.അന്ന് വീട്ടുജോലിയ്ക്ക് പോയിരുന്ന സൂസിയ്ക്ക് ലഭിച്ചിരുന്ന തുച്ഛമായ ശബളത്തിലാണ് രണ്ടു മക്കളടങ്ങുന്ന ആ കുടുംബം കഴിഞ്ഞിരുന്നത്.തുടർന്നാണ് ബന്ധു കുര്യാക്കോസ് സൂസിയെ ഓട്ടോ ഓടിക്കാൻ പഠിപ്പിച്ചതും പിന്നീട് ഓട്ടോ ഡ്രൈവറാക്കിയതും.അന്ന് തൊട്ട് സൂസി ഓട്ടോ തൊഴിലാളി യൂണിയനിൽ സജീവ പങ്കാളിയാണ്. നിലവിൽ സി.പി.എം കമലേശ്വരം ബ്രാഞ്ച് കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സെന്റ് സേവിയേഴ്സ് യൂണിറ്റ് സെക്രട്ടറിയുമാണ്.

തിരഞ്ഞെടുത്തത്തിൽ സന്തോഷമുണ്ട്.പുതിയ ഉത്തരവാദിത്വം കാര്യക്ഷമമായി നിർവഹിക്കും.എ.സൂസി