മുല്ലപ്പെരിയാർ: മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതായി കേരളം സുപ്രീംകോടതിയിൽ

Friday 01 August 2025 2:15 AM IST

ന്യൂഡൽഹി: മുല്ലപ്പെരിയാറിനു സമീപത്തെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയതായി കേരളം സുപ്രീംകോടതിയെ അറിയിച്ചു. പ്രധാന അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാമിലെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് തമിഴ്നാട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണിത്. വിഷയത്തിൽ രണ്ടാഴ്ചയ്‌ക്കകം തീരുമാനമെടുക്കണമെന്ന് കേരളത്തോട് ഇക്കഴിഞ്ഞ മേയ് 19ന് കോടതി നിർദ്ദേശിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മാത്രമല്ല വനംവകുപ്പിന്റെ അനുമതി പ്രത്യേകമായും വേണമെന്ന് തമിഴ്നാട് വാദിച്ചപ്പോൾ കേന്ദ്രത്തിന്റെ ഇടപെടൽ കോടതി തേടി. നാല് ആഴ്ചയ്‌ക്കുള്ളിൽ നിലപാടെടുക്കാൻ ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി. മേഖലയിലെ 23 മരങ്ങൾ മുറിക്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. അണക്കെട്ട് ബലപ്പെടുത്തുന്നതിനായുള്ള ഗ്രൗട്ടിംഗ് നടത്തുന്നതിന് മുന്നോടിയായി റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ച് പരിശോധന നടത്തണമെന്നും കോടതി പറഞ്ഞു.