ബിൽ പേയ്‌മെന്റ് നിശ്ചിത സമയത്ത് മാത്രം, ബാലൻസ് പരിശോധന ദിവസവും 50 തവണ, യുപിഐ സേവനങ്ങളിൽ മാറ്റങ്ങൾ ഇന്നുമുതൽ
യുപിഐ സേവനങ്ങൾ സുസ്ഥിരവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി തേർഡ് പാർട്ടി പേയ്‌മെന്റ് ആപ്പുകളായ ഗൂഗിൾ പേ, ഫോൺപെ, പേടിഎം എന്നിവയടക്കമുള്ളവയിൽ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽവരും. ഈ ആപ്പുകൾ വഴി ബാലൻസ് ചെക്ക് ചെയ്യുന്നത് ദിവസത്തിൽ 50 തവണയായി ഇന്നുമുതൽ നിജപ്പെടുത്തി.ഉപഭോക്താവിന് ഫോൺ നമ്പരുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒരുദിവസം 25 തവണയിൽ കൂടുതൽ പരിശോധിക്കാനും കഴിയില്ല. ബിൽ പേയ്‌മെന്റുകൾ അടക്കം ഓട്ടോ പേ ട്രാൻസാക്ഷനുകൾ ഇനിമുതൽ നിശ്ചിത സമയത്ത് മാത്രമേ സാദ്ധ്യമാകൂ. രാവിലെ 10 മണിയ്‌ക്ക് മുൻപും ഉച്ചയ്‌ക്ക് ഒരു മണിയ്‌ക്കും അഞ്ച് മണിയ്‌ക്കും ഇടയിലും ശേഷം രാത്രി 9.30ന് ശേഷമേ ഇതിന് കഴിയൂ.
ട്രാൻസാക്ഷൻ പെൻഡിംഗിലായാൽ പരമാവധി മൂന്ന് തവണ മാത്രമേ സ്റ്റാറ്റസ് പരിശോധന സാദ്ധ്യമാകൂ. ഇതിന് 90 സെക്കന്റ് ഇടവേളയിൽ മാത്രമേ കഴിയൂ. ഇടപാടുകളുടെ വേഗം കൂട്ടാൻകൂടിയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷന്റെ ഈ നടപടി. ആർക്കാണോ പണം അയയ്‌ക്കുന്നത് അവരുടെ ബാങ്ക് വിവരങ്ങളും പേരും കൺഫർമേഷൻ നൽകുന്നതിന് തൊട്ടുമുൻപാകും കാണിക്കുക. നിലവിൽ രാജ്യത്ത് ഒരുമാസത്തിൽ 1800 കോടി യുപിഐ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഈ ഇടപാടുകൾ പുതിയ മാറ്റങ്ങളോടെ കാര്യക്ഷമമാകുമെന്നാണ് സൂചന.