13 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോളിന് സ്വന്തം മുഖ്യപരിശീലകൻ,​ ഖാലിദ് ജമീൽ ചീഫ് കോച്ച്

Friday 01 August 2025 2:38 PM IST

മുംബയ്: മുൻ ഇന്ത്യൻ താരവും ഐഎസ്‌എല്ലിൽ ജംഷദ്‌പൂർ എഫ്സിയുടെ പരിശീലകനുമായ ഖാലീദ് ജമീലിനെ ഇന്ത്യൻ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. സ്‌പെയിൻകാരനായ മനോലോ മാർക്വസ് രാജിവച്ചതോടെയാണ് 49കാരനായ ഖാലീദിന് അവസരം വന്നത്. 2011-12ൽ ഇന്ത്യൻ കോച്ചായ സാവിയോ മെഡെയ്‌റയ്‌ക്ക് ശേഷം ദേശീയ ടീമിന്റെ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഖാലീദ്.

മൂന്ന് പേരുകളടങ്ങുന്ന ലിസ്റ്റിൽ നിന്നാണ് ഖാലീദിന് നറുക്ക് വീണത്. മുൻ ഇന്ത്യൻ കോച്ച് സ്‌റ്റീഫൻ കോൺസ്റ്റന്റൈൻ,​ സ്ളൊവാക്യൻ ഫുട്‌ബോൾ മാനേജർ സ്‌റ്റീഫൻ തർകോവിക് എന്നിവരാണ് ലിസ്റ്റിലുണ്ടായിരുന്ന മറ്റുള്ളവ‌ർ. ദേശീയ ടീം ഡയറക്‌ടർ സുബ്രതോ പാലിനെ കണ്ട ശേഷം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി ജൂലായ് 22നാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിശോധിച്ച് ഖാലീദിനെ കോച്ചായി തെരഞ്ഞടുത്തു.

നിലവിൽ 133-ാം റാങ്കിലുള്ള ഇന്ത്യയുടെ കോച്ചായി ഖാലീദ് എത്തുമ്പോൾ ടീമിന്റെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഖാലീദിന്റെ ആദ്യ മത്സരം തന്നെ ശക്തമായ പരീക്ഷണമാണ്. സിഎഎഫ്‌എ നേഷൻസ് കപ്പിൽ ഇറാനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശേഷം തജികി‌സ്ഥാനോടാണ് മത്സരിക്കുക. നിലവിൽ 2026 വരെയാണ് ജാംഷെഡ്‌പൂർ എഫ് സിയുടെ കോച്ചായി ഖാലീദിന് കരാറുള്ളത്.