‌ഈ സെന്റ് ജീവിതത്തിൽ ഒരിക്കലും നിങ്ങൾ ഉപയോഗിച്ചുകാണില്ല, ഇപ്പോഴാണ് അവസരം, വിലയും തീരെ കുറവ്

Friday 01 August 2025 5:39 PM IST

തിരുവനന്തപുരം: ഉണങ്ങി വരണ്ട മണ്ണിലേക്ക് പുതുമഴയുടെ കണികകള്‍ ആദ്യമായി വീഴുമ്പോള്‍ ഉണ്ടാകുന്ന ഗന്ധം നമ്മള്‍ എല്ലാവരും ആസ്വദിച്ചിട്ടുള്ളതാണ്. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഇത്തരം ഗന്ധങ്ങള്‍ക്ക് മനുഷ്യമനസിനെ ഉണര്‍ത്താനുള്ള പ്രത്യേക സവിശേഷതയുണ്ട്. എന്നാല്‍ അത്തരം ഗന്ധങ്ങള്‍ സസ്യങ്ങളില്‍ നിന്നും ഉണ്ടാക്കി അത്തറായി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ( ജെഎന്‍ടിബിജിആര്‍ഐ).

ഉത്തര്‍പ്രദേശില്‍ വികസിപ്പിച്ച 'മിട്ടി കാ അത്തര്‍' എന്ന വിലകൂടിയ അത്തറിനു പകരമായി താരതമ്യേന ചെലവു കുറഞ്ഞ രീതിയിലാണ് ജെഎന്‍ടിബിജിആര്‍ഐ അത്തര്‍ വികസിപ്പിക്കുന്നത്. സൂര്യപ്രകാശത്തില്‍ ഉണക്കിയ ചൂടുള്ള മണ്ണ് വാറ്റിയെടുത്താണ് 'മിട്ടി കാ അത്തര്‍' നിര്‍മിക്കുന്നത്. ഇതിന്റെ നിര്‍മാണ ചെലവ് കൂടുതലായതുകൊണ്ട് വിപണിയില്‍ ഈടാക്കുന്നതും ഉയര്‍ന്ന തുകയാണ്. അതേസമയം പുതുമഴയുടെ ഗന്ധം സസ്യ സ്രോതസുകളില്‍ നിന്ന് പുനര്‍നിര്‍മിക്കാന്‍ കഴിയുമെന്നതാണ് ജെഎന്‍ടിബിജിആര്‍ഐ കണ്ടെത്തലിന്റെ ഗുണം. ഇതിന് നിര്‍മാണ ചിലവ് കുറവാണ്.

സ്ട്രെപ്റ്റോമൈസിസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന 'സെസ്‌ക്വിറ്റര്‍പീന്‍ ജിയോസ്മിന്‍' എന്ന ബാക്ടീരിയയാണ് മണ്ണിന്റെ സ്വഭാവഗുണമുള്ള മണത്തിന് കാരണമാകുന്നത്. മഴയ്ക്ക് ശേഷമുള്ള സവിശേഷമായ മണ്ണിന്റെ ഗന്ധം, സസ്യങ്ങളില്‍ നിന്ന് പിടിച്ചെടുത്ത് 'ട്രോപ്പിക്കല്‍ സോയില്‍ സെന്റ്' എന്ന പേരിലാണ് ഇവ കുപ്പിയിലാക്കി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നത്.

ഇതിനു പുറമേ പ്രാഥമിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ക്കായി സുരക്ഷിതവും ലളിതവും ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമായ ഹെര്‍ബല്‍ ഹെല്‍ത്ത് കെയര്‍ കിറ്റ് വികസിപ്പിക്കുന്ന ആശയത്തിലും മുന്നിലാണ് ജെഎന്‍ടിബിജിആര്‍ഐ. എട്ടോളം ഹെര്‍ബല്‍ ഉത്പ്പന്നങ്ങളാണ് വികസിപ്പിക്കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും ഇല്ലാത്ത ഇവ ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും സംയോജിപ്പിച്ച് പരമ്പരാഗതവും ആയുര്‍വേദവുമായ വൈദ്യശാസ്ത്ര പരിജ്ഞാനത്തിന്റെ സവിശേഷമായ മിശ്രിതത്തിന്റെ ഫലമാണ്.