ഫ്‌ളാറ്റുകൾക്കെതിരായ പി.സി.ബി നീക്കം; നോട്ടീസിലെ നടപടികൾ കോടതി തടഞ്ഞു

Saturday 02 August 2025 12:46 AM IST

കൊച്ചി: സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റില്ലെന്നതിന്റെ പേരിൽ മലിനീകരണ നിയന്ത്രണ ബോർഡ് (പി.സി.ബി) 71 ഫ്‌ളാറ്റുകൾ പൂട്ടാൻ ഇറക്കി​യ നോട്ടീസ് തടഞ്ഞ് ഹൈക്കോടതി. ഫ്‌ളാറ്റുടമകളുടെ ഹർജി​യി​ലാണ് ഉത്തരവ്. പ്ലാന്റ് സ്ഥാപിക്കാൻ സാവകാശം അനുവദിക്കണമെന്നും അതുവരെ നടപടി ഉണ്ടാകരുതെന്നുമായിരുന്നു ആവശ്യം. ജസ്റ്റിസ് സി.ജയചന്ദ്രനാണ് തുടർ നടപടികൾ താത്കാലികമായി തടഞ്ഞ് ഉത്തരവി​റക്കി​യത്.

തേവര-പേരണ്ടൂർ കനാൽ മലിനീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ പരിഗണിച്ച കേസിന്റെ തുടർച്ചയായിട്ടാണ് സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് (എസ്.ടി.പി) ഇല്ലാത്ത ഫ്‌ളാറ്റുകൾക്ക് പി.സി.ബി നോട്ടീസ് നല്കിയത്. വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി​യും നോട്ടീസ് നല്കിയിരുന്നു. നോട്ടീസ് ലഭിച്ച 71 ഫ്‌ളാറ്റുകളും എന്ന് എസ്.ടി.പി നിർമ്മാണം പൂർത്തിയാകാൻ സാധിക്കുമെന്ന് സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

എസ്.ടി.പി ശ്രമകരം; മറുവഴി തേടണം

ഫ്‌ളാറ്റുകൾ സ്ഥിതി ചെയ്യുന്നിടത്ത് പുതിയ എസ്.ടി.പികൾ പണിയുന്നതിനു പകരം നഗരത്തി​ലെ സ്വീവേജ് പ്ലാന്റുകളിലേക്ക് മലിനജലം ലോറികളിലൂടെ നീക്കാൻ തങ്ങൾ തയാറാണെന്നും ഇതിന്റെ ചെലവ് വഹിക്കാമെന്നും ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കുന്നുണ്ട്.

സംസ്ഥാന സർക്കാർ കൊച്ചി​യി​ൽ സ്ഥാപിക്കുന്ന 1200 കോടിയുടെ സ്വീവേജ് പൈപ് ലൈൻ പദ്ധതി രണ്ടു കൊല്ലത്തിനുള്ളിൽ പൂർത്തീകരിച്ചാൽ തങ്ങൾ ഇപ്പോൾ എസ്.ടി.പിക്ക് വേണ്ടി മുടക്കുന്ന തുക പാഴായി പോകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പരിഹസിച്ച് എം.എൽഎ; മുഖ്യമന്ത്രിക്ക് കത്ത്

സ്വീവേജ് ട്രീറ്റ്‌മെൻറ്റ് പ്ലാന്റുകൾ ഏഴ് ദിവസത്തിനകം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി ടി.ജെ. വിനോദ് എം.എൽ.എ.

കടവന്ത്ര, പനമ്പിള്ളി നഗർ, കതൃക്കടവ്, തേവര, പച്ചാളം, എളമക്കര, കലൂർ, ഇടപ്പള്ളി പ്രദേശങ്ങളിലായി 71 ഫ്‌ളാറ്റുകൾക്ക് നോട്ടീസ് നൽകിയത് പരിഹാസ്യമാണെന്ന് എം.എൽ.എ വ്യക്തമാക്കി. ഫ്‌ളാറ്റുകളിലെ വൈദ്യുതി വിച്ഛേദിക്കൽ ദുരന്തമായി ഭവിക്കുമെന്നും കത്തിലുണ്ട്.

എസ്.ടി.പി സ്ഥാപിക്കാൻ അംഗീകൃത ഏജൻസികളുടെ പട്ടിക പോലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പക്കലില്ല. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ ആവശ്യമാണ്. എന്നാൽ,​ വെറും എഴ് ദിവസം മാത്രം സമയം നൽകി എസ്.ടി.പി സ്ഥാപിക്കാൻ മാന്ത്രികവടി വല്ലതും വേണ്ടി വരുമെന്നും എം.എൽ.എ പരിഹസിച്ചു.

അടിയന്തര യോഗം ചേരും

മലിനീകരണ നിയന്ത്രണ ബോർഡ്, കെ.എസ്.ഇ.ബി, കൊച്ചി കോർപ്പറേഷൻ എന്നിവയുടെ നിലപാടുകൾ ചർച്ച ചെയ്യുന്നതിന് കൺസോർഷ്യം ഒഫ് ഫ്‌ളാറ്റ് ആൻഡ് വില്ലാസ് ഓണേഴ്‌സ് അസോസിയേഷൻ (കുഫോക്) അടിയന്തര യോഗം ചേരും.

കോടതിയുടെ നിർദ്ദേശങ്ങൾ പഠിച്ച ശേഷം സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യും. നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനം സാജു എബ്രഹാം ജോസഫ് സംസ്ഥാന ചെയർമാൻ

കൺസോർഷ്യം ഒഫ് ഫ്‌ളാറ്റ് ആൻഡ് വില്ലാസ് ഓണേഴ്‌സ് അസോസിയേഷൻ