കൊച്ചി മെട്രോ ഭാഗ്യചിഹ്നങ്ങൾ കൈമാറി

Saturday 02 August 2025 12:47 AM IST

കൊച്ചി: ദീക്ഷാരംഭ് 2025 ന്റെ ഭാഗമായി കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ കൊച്ചി മെട്രോയുടെ പ്രമേയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഭാഗ്യചിഹ്നങ്ങൾ ക്യാമ്പസിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. കൊച്ചി മെട്രോയുടെയും കൊച്ചി വാട്ടർ മെട്രോയുടെയും തനിമയും നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും പ്രതിഫലിക്കുന്ന ഭാഗ്യചിഹ്നങ്ങളാണ് വിദ്യാർത്ഥികൾ തയ്യാറാക്കിയത്. ഇതിനായി എ.ഐ. ടൂളുകളിൽ ഇവർക്ക് പ്രത്യേക പരിശീലനവും നൽകിയിരുന്നു. ബി.എ. ഇന്ററാക്ടീവ് ഗെയിം ആർട്ട്, ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് രണ്ടാം വർഷ വിദ്യാർത്ഥികളാണ് ഭാഗ്യചിഹ്നങ്ങൾക്ക് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ ഡിജിറ്റൽ രൂപം നൽകിയത്. കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, പ്രോ വൈസ് ചാൻസലർ ഡോ. ലത, നെതർലൻഡ്‌സിലെ മുൻ ഇന്ത്യൻ സ്ഥാനപതിയും ഫ്യൂച്ചർ കേരള മിഷൻ ചെയർമാനുമായ വേണു രാജാമണി എന്നിവർ ചേർന്നാണ് വിദ്യാർത്ഥികൾ തയാറാക്കിയ ഭാഗ്യചിഹ്നങ്ങൾ പ്രകാശനം ചെയ്തത്. ഭാഗ്യചിഹ്നങ്ങൾ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കും. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിൽ ഉടൻ തന്നെ ഈ ഭാഗ്യചിഹ്നങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാകും.