നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍
കൊച്ചി: നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ ആണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയതായിരുന്നു നവാസ്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. 90കളില്‍ മിമിക്രിയില്‍ നിന്ന് സിനിമാ രംഗത്തേക്ക് എത്തിയ നിരവധി താരങ്ങളില്‍ പ്രമുഖനാണ് നവാസ്. ഹോട്ടലിലെ റൂം ബോയ് ആണ് നവാസ് മുറിയില്‍ മരിച്ച് കിടക്കുന്നത് ആദ്യം കണ്ടത്.
ചലച്ചിത്രനടനായിരുന്ന അബൂബക്കറാണ് പിതാവ്. 1995ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.തില്ലാന തില്ലാന, മായാജാലം, മാന്‍ഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്, കസബ, മാട്ടുപെട്ടി മച്ചാന്‍ എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ചലച്ചിത്രതാരം രെഹ്നയാണ് ഭാര്യ.സഹോദരന്‍ നിയാസ് ബക്കറും അഭിനേതാവാണ്.ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. മെഹ്‌റിന്‍, റൈഹാന്‍, റിഥ്വാന്‍.