കേരള: സിൻഡിക്കേറ്റംഗങ്ങൾക്കും രജിസ്ട്രാർക്കുമെതിരെ കേസ്

Saturday 02 August 2025 12:00 AM IST

തിരുവനന്തപുരം: ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് സിൻഡിക്കേറ്റ് അംഗങ്ങൾക്കെതിരെയും സസ്പെൻഷനിലായിട്ടും ഓഫീസിലെത്തിയതിന് രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെതിരെയും പൊലീസിൽ പരാതി. ഇതോടെ കേരള സർവകലാശാലയിലെ അധികാരത്തർക്കം അതിരു വിട്ടു.

വൈസ്ചാൻസലർ വിലക്കിയിട്ടും അനധികൃതമായി ഓഫീസിൽ കടന്നുകയറി രേഖകളിൽ കൃത്രിമം കാട്ടുന്നതായും വ്യാജമായി സർട്ടിഫിക്കറ്റുകൾ നൽകുന്നതായും ചൂണ്ടിക്കാട്ടിയാണ് ഡോ.അനിൽകുമാറിനെതിരേ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ.മിനികാപ്പൻ ഡി.ജി.പിക്ക് പരാതി നൽകിയത്. അതിക്രമിച്ച് കടക്കുന്നതിന് കേസു കൊടുക്കാൻ വി.സിക്ക് ഗവർണർ നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണിത്.

ഡോ.അനിൽകുമാറിന്റെ ഇ-ഫയൽ ലോഗിൻ റദ്ദാക്കിയതിന് വനിതാ ജീവനക്കാരെയടക്കം സിൻഡിക്കേറ്റ് റൂമിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനാണ് സിൻഡിക്കേറ്റംഗങ്ങളായ ജെ.എസ്.ഷിജുഖാൻ, ജി. മുരളീധരൻ എന്നിവർക്കെതിരെയടക്കം ഡി.ജി.പിക്ക് പരാതി നൽകിയത്. ഇന്നലെ ഉച്ചയോടെയാണ് ജീവനക്കാരെ വിളിച്ച് ഡോ.അനിൽകുമാറിന്റെ ലോഗിൻ തിരികെ നൽകാൻ സിൻഡിക്കേറ്റംഗങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ വി.സിയുടെ അനുമതിയില്ലാതെ കഴിയില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. വനിതകളോടടക്കം മോശമായ ഭാഷയിൽ സംസാരിച്ചെന്നും അപമര്യാദ കാട്ടിയെന്നും ഇറങ്ങിപ്പോടാ എന്നു പറഞ്ഞ് തട്ടിക്കയറിയെന്നും ജീവനക്കാർ വി.സിക്ക് പരാതി നൽകി. ഇതാണ് ഡോ.മിനി

കാപ്പൻ ഡി.ജി.പിക്ക് കൈമാറിയത്. കോൺഗ്രസിന്റെ കേരളാ യൂണിവേഴ്സിറ്റി സ്റ്റാഫ് യൂണിയൻ, സി.പി.ഐയുടെ സ്റ്റാഫ്‌ അസോസിയേഷൻ, ബി.ജെ.പിയുടെ എംപ്ലോയീസ് സംഘ് എന്നിവയിലുൾപ്പെട്ട ജീവനക്കാരാണ് പരാതിക്കാർ. ഇവരും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.

ഓൺലൈൻ യോഗം

പിരിച്ചു വിട്ടു

സസ്പെൻഷനിലുള്ള ഡോ.അനിൽകുമാർ പങ്കെടുത്ത ഓൺലൈൻയോഗം വി.സി ഡോ.മോഹനൻ കുന്നുമ്മൽ റദ്ദാക്കി. കേന്ദ്രപദ്ധതിയായ പി.എം-ഉഷയിൽ അനുവദിച്ച 100കോടിരൂപ ചെലവാക്കുന്നത് ചർച്ച ചെയ്യാനുള്ള യോഗത്തിലാണ് ഡോ.അനിൽകുമാറും പദ്ധതി നടത്തിപ്പിനുള്ള കമ്മിറ്റിയംഗങ്ങളല്ലാത്ത സിൻഡിക്കേറ്റംഗങ്ങളും പങ്കെടുത്തത്. അംഗങ്ങളല്ലാത്തവർ പുറത്തുപോവാൻ വി.സി പലവട്ടം നിർദ്ദേശിച്ചിട്ടും അവർ അനുസരിച്ചില്ല. തുടർന്ന് സിൻഡിക്കേറ്റംഗങ്ങളും വി.സിയുമായി വാഗ്വാദമുണ്ടായി. വി.സി തൃശൂരിലെ ആരോഗ്യ സർവകലാശാലയിൽ നിന്ന് ഓൺലൈനായാണ് പങ്കെടുത്തത്.

വകുപ്പ് മേധാവികൾക്ക് പുറമെ സിൻഡിക്കേറ്റംഗങ്ങളായ ജി.മുരളീധരൻ, നസീബ് എന്നിവരാണ് സമിതിയിലുള്ളത്. നസീബ് യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഷിജുഖാന്റെ നേതൃത്വത്തിൽ ബഹളം തുടർന്നതോടെ വി.സി യോഗം പിരിച്ചുവിട്ടു. മാർച്ച് 31നകം 100കോടി ചെലവാക്കിയില്ലെങ്കിൽ തുക ലാപ്‌സാകും. ഔദ്യോഗിക കമ്മിറ്റികൾക്കായി മാത്രം സിൻഡിക്കേറ്റ് ചേംബർ തുറന്നാൽ മതിയെന്നും സിൻഡിക്കേറ്റംഗങ്ങളെ അനധികൃതമായി ചേംബറിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും വി.സി രജിസ്ട്രാർ ഇൻ-ചാർജ്ജിന് നിർദ്ദേശം നൽകി.