മാറ്റണോ അവധിക്കാലം ?
പത്തനംതിട്ട: കനത്ത മഴയും കെടുതിയും കാരണം വിദ്യാലയങ്ങളിലെ അവധിക്കാലം മാറ്റണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ്. കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അവതരിപ്പിച്ചത്. ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കുവെന്ന് മന്ത്രി പറയുന്നു. മഴക്കെടുതി ഏറ്റവും രൂക്ഷമാകുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. മലയോരം മുതൽ പടിഞ്ഞാറൻ മേഖല വരെ മഴയുടെ ദുരിതം അനുഭവിക്കുന്നു. അവധിക്കാലം മാറ്റണമോ വേണ്ടയോ എന്ന ചർച്ചയിൽ ജില്ല ഇങ്ങനെ പ്രതികരിക്കുന്നു:
###
കേരളത്തിന്റെ കാലാവസ്ഥയിൽ കുട്ടികൾ മഴ നനയണോ, വെയിൽ കൊള്ളണോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. വേനലവധി മാറ്റിയാൽ കൊടും ചൂടിലേക്ക് വിദ്യാലയങ്ങൾ തുറക്കേണ്ടി വരും. ഇപ്പോൾ തന്നെ വേനൽക്കാലത്ത് അസഹനീയമായ ചൂടും വരൾച്ചയുമാണ്. നിയന്ത്രണങ്ങളുമുണ്ട്. അത് കൂടി വരികയേയുള്ളു.. വേനലവധി കുട്ടികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. മഴക്കാലത്ത് വീട്ടിൽ ഒതുങ്ങിക്കൂടി കഴിയുക മാത്രമാവും മിച്ചം.കുഞ്ഞുങ്ങളുടെ കായിക, മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേനൽക്കാല അവധി തുടരണം.
റെജി മലയാലപ്പുഴ, വിദ്യാഭ്യാസ പ്രവർത്തകൻ
###
കാലാവസ്ഥ അപേക്ഷികമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് നമ്മുടെ വിദ്യാർത്ഥികളുടെ പങ്കാളിത്തം തടസപ്പെടുത്താൻ സ്കൂൾ അവധിമാറ്റം കാരണമാകും. സ്‌കൂൾ അറ്റകുറ്റപ്പണികൾ നടത്താൻ ഉചിതമായ കാലാവസ്ഥ ഏപ്രിൽ, മേയ് തന്നെ. മഴക്കാലത്ത് വെള്ളക്കെട്ടുകളിൽ വീണുള്ള അപകട സാദ്ധ്യതകൾ കൂടുതലും ജൂൺ, ജൂലായ് മാസങ്ങളിലാണ്. ആ സമയങ്ങളിൽ കുട്ടികൾ സ്‌കൂളിൽ വരുന്നതാണ് ഉചിതം. കൊടുംചൂട് കാരണം സർക്കാരുകൾ വേനൽക്കാല ക്ലാസുകൾ നിയന്ത്രിച്ചിരുന്നു. ദേശീയ തലത്തിൽ നടക്കുന്ന പ്രവേശന സംവിധാനത്തിൽ നിന്ന് ഏകപക്ഷീയമായി കേരളത്തിന് മാത്രം വിട്ടു നിൽക്കാൻ സാധിക്കില്ല. അവധിക്കാലം മാറുന്നത് ഇതിന് പ്രതിസന്ധിയുണ്ടാക്കും.
പി. ചാന്ദിനി , ഹയർ സെക്കൻഡറി ടീച്ചർ
###
ഏപ്രിൽ മാസത്തെ ചൂടിനെക്കാൾ നല്ലത് ജൂൺ, ജൂലായ് മാസങ്ങളിലെ മഴയുടെ മണവും കുളിരും ആസ്വദിച്ചുള്ള പഠനമാണ്. പഠനം സുഖകരമാക്കാൻ മഴക്കാലം മതി.
അനന്യ ബി വിനോദ്, പ്ലസ് വൺ വിദ്യാർത്ഥിനി, എസ് എൻ വി എച്ച് എസ് എസ് അങ്ങാടിക്കൽ
#####
ജൂൺ, ജൂലായ് മാസങ്ങളിലേക്ക് അവധി മാറ്റണം. ഈ മാസങ്ങളിൽ മഴക്കാലമായതിനാൽ പഠന ദിനങ്ങൾ കുറയുന്നു. ഇത് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
അനഘ ഹരിദാസ്, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി, എൻ എസ് എസ് എച്ച് എസ് എസ് ചൂരക്കോട്
#####
ഏപ്രിൽ, മേയ് മാസങ്ങളിലെ ചൂടും സൂര്യാഘാതവുമൊക്കെ കുട്ടികളുടെ ആരോഗ്യം അപകടത്തിലാക്കും. വേനൽ അവധി മാറ്റുന്നത് വിനോദ യാത്രകൾക്ക് തടസമാകും. നിലവിലെ രീതി തുടരണം.
അർച്ചന ആർ നായർ, പത്താം ക്ലാസ് വിദ്യാർത്ഥിനി, അമൃത ഗേൾസ് ഹൈസ്കൂൾ പറക്കോട്