പേസ് കരുത്തില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ; ഓവല്‍ ടെസ്റ്റില്‍ ഗില്ലും സംഘവും ഭേദപ്പെട്ട നിലയില്‍
ഓവല്‍ (ലണ്ടന്‍): ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 23 റണ്‍സിന്റെ നേരിയ ലീഡ് കരസ്ഥമാക്കിയപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ അതിനെ മറികടന്ന് മുന്നേറുകയാണ് ഇന്ത്യ. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സാണ് ഇന്ത്യയുടെ സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റുകള്‍ അവശേഷിക്കെ ഇന്ത്യയുടെ ആകെ ലീഡ് 52 റണ്‍സാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ യശസ്വി ജയ്‌സ്‌വാള്‍(51*), ആകാശ് ദീപ് (4*) എന്നിവരാണ് ക്രീസില്‍. കെഎല്‍ രാഹുല്‍ (7), സായ് സുദര്‍ശന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
നേരത്തെ 206ന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം വെറും 20 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച നാല് വിക്കറ്റുകളും നഷ്ടമായി. അര്‍ദ്ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായ കരുണ്‍ നായരുടെ (57) വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യക്ക് ആദ്യം നഷ്ടമായത്. വാഷിംഗ്ടണ്‍ സുന്ദര്‍ (26) റണ്‍സ് നേടിയപ്പോള്‍ മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ആകാശ് ദീപ് (0*) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ഗസ് അറ്റ്കിന്‍സണ്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ടംഗിന് മൂന്നും ക്രിസ് വോക്‌സിന് ഒരു വിക്കറ്റും കിട്ടി.
ഇന്ത്യയുടെ ചെറിയ സ്‌കോറിന് മറുപടി നല്‍കാനിറങ്ങിയ ഇംഗ്ലീഷ് നിരയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (43), സാക് ക്രൗളി (64) സഖ്യം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 77 പന്തുകളില്‍ നിന്ന് 92 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഒലി പോപ്പ് (22) ജോ റൂട്ട് (29), അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാരി ബ്രൂക്ക് (53) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഒരവസരത്തില്‍ 129ന് ഒന്ന് എന്ന ശക്തമായ നിലയില്‍ ഇംഗ്ലണ്ട് മുന്നേറിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാര്‍ക്ക് പിന്നാലെ പോപ്പും റൂട്ടും മടങ്ങിയതോടെ ഇംഗ്ലണ്ട് ബാറ്റിംഗ് തകര്‍ച്ചയിലേക്ക് വീണു.
ജേക്കബ് ബെഥെല്‍ (ആറ്), വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (എട്ട്), ജെയ്മി ഓവര്‍ട്ടണ്‍ (0) എന്നിവര്‍ കാര്യമായി സംഭാവന നല്‍കാതെ മടങ്ങി. ഗസ് അറ്റ്കിന്‍സണ്‍ (11) റണ്‍സ് നേടിയപ്പോള്‍ ജോഷ് ടംഗ് റണ്ണൊന്നുമെടുക്കാതെ മടങ്ങി. പരിക്കേറ്റ ക്രിസ് വോക്‌സ് ബാറ്റ് ചെയ്യാനെത്താത്തും ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇന്ത്യക്ക് വേണ്ടി പേസര്‍മാരാണ് എല്ലാ വിക്കറ്റുകളും വീഴ്ത്തിയത്. മുഹമ്മദ് സിറാജ്, പ്രസീദ്ധ് കൃഷ്ണ എന്നിവര്‍ നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപിന് ഒരു വിക്കറ്റ് ലഭിച്ചു.