ചാകര തേടി കുതിച്ചു, ബോട്ടുകൾക്ക് നിരാശ
കൊല്ലം: 52 നാൾ നീണ്ട ട്രോളിംഗ് നിരോധനത്തിന് ശേഷം ചാകര തേടി കടലിലേക്ക് കുതിച്ച ബോട്ടുകൾക്ക് നിരാശ. ഇന്നലെ നൂറോളം ബോട്ടുകൾ ശക്തികുളങ്ങരയിൽ മടങ്ങിയെത്തിയെങ്കിലും കാര്യമായ മത്സ്യം ലഭിച്ചില്ല. ചെറിയളവിൽ കരിക്കാടി, കഴന്തൻ, നാരൻ ചെമ്മീനുകളുമായാണ് ബോട്ടുകൾ മടങ്ങിയെത്തിയത്.
ലഭ്യത കുറവായതിനാൽ ഉള്ളതിന് കാര്യമായ വില ലഭിച്ചു. കരിക്കാടി- 110, കഴന്തൻ, 250, നാരൻ- 400-500 എന്നിങ്ങനെയായിരുന്നു ഒരു കിലോയുടെ ലേലവില. ഒട്ടുമിക്ക ബോട്ടുകൾക്കും കരിക്കാടിയാണ് കൂടുതൽ ലഭിച്ചത്. കിളിമീൻ പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. കടൽ ഏറെദിവസം അനങ്ങാതെ കിടന്നതിനാൽ കാര്യമായി മത്സ്യം കിട്ടുമെന്നായിരുന്നു ബോട്ടുടമകളുടെ പ്രതീക്ഷ.
12 നോട്ടിക്കൽ മൈൽ വരെ പോയ ബോട്ടുകളാണ് ഇന്നലെ മടങ്ങിയെത്തിയത്. കൂടുതൽ ദൂരേക്ക് കണവ ഇനങ്ങൾക്കായി പോയിരിക്കുന്ന ബോട്ടുകൾ മൂന്ന് ദിവസം കഴിഞ്ഞേ മടങ്ങിയെത്തൂ.