കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണം: മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ

Saturday 02 August 2025 12:59 AM IST

കൊച്ചി: ഛത്തീസ്ഗഡിൽ ജയിലിലടയ്‌ക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും നീതി ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സിറോമലബാർസഭാ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ദൂതനായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോടാണ് ആവശ്യം ഉന്നയിച്ചത്.

കന്യാസ്ത്രീകൾ അഭിമുഖീകരിക്കേണ്ടിവന്ന അക്രമസംഭവങ്ങളിൽ പൊതുസമൂഹം ആശങ്കാകുലരാണ്. രണ്ടു കോടതികളിൽനിന്ന് ജാമ്യം ലഭിക്കാത്തതിൽ സഭയുടെ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ക്രിയാത്മകമായ പ്രായോഗിക നടപടികൾ ഉടൻ സ്വീകരിക്കണം. ആൾക്കൂട്ട വിചാരണ നടത്തിയവരെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാരും ബി.ജെ.പിയും സ്വീകരിച്ച അനുകൂല നിലപാടുകളെക്കുറിച്ചും കന്യാസ്ത്രീകളെ ജയിൽ മോചിതരാക്കാനുള്ള നടപടികളെക്കുറിച്ചും രാജീവ് ചന്ദ്രശേഖർ മേജർ ആർച്ച് ബിഷപ്പിനെ ധരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും ഒപ്പമുണ്ടായിരുന്നു.