ഇന്ത്യാ സഖ്യം പാഴായ സ്വപ്നമല്ല: ബിനോയ് വിശ്വം
കൊല്ലം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച 400 സീറ്റ് നേടാൻ കഴിയാഞ്ഞത് ഇന്ത്യാ സഖ്യത്തിന്റെ ശക്തി കൊണ്ടാണെന്നും ,ഇന്ത്യാ സഖ്യം പാഴായ സ്വപ്നമല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി.പി.ഐ കൊല്ലം ജില്ലാ പ്രതിനിധി
സമ്മേളനം കൊല്ലം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളി ആർ.എസ്.എസും ബി.ജെ.പിയുമാണ്.
അവരെ തോൽപ്പിക്കാനുള്ള ഐക്യമാണ് വേണ്ടത്. കോൺഗ്രസിന് യാഥാർത്ഥ്യബോധവും
ദീർഘവീക്ഷണവുമില്ലാത്തതു കൊണ്ടാണ് ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയത്.
കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതിന്റെ എല്ലാ വാദങ്ങളും റദ്ദാക്കപ്പെട്ടിരിക്കുന്നു.. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തത്വാധിഷ്ഠിതമായ പുനരേകീകരണമാണ് സി.പി.ഐ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടപെടാൻ കഴിയണമെന്നും
അദ്ദേഹം പറഞ്ഞു.ജില്ലാ അസി. സെക്രട്ടറി സാം.കെ.ഡാനിയേൽ രാഷ്ട്രീയ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ആർ.വിജയകുമാർ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് തുടരും.
നവ ഫാസിസ്റ്റ്
വിശേഷണം നല്ലതല്ല കേന്ദ്രസർക്കാർ നവഫാസിസ്റ്റാണെന്ന സി.പി.എം വിശേഷണം നല്ലതല്ലെന്നും ഫാസിസ്റ്റ്
സർക്കാർ തന്നെയാണെന്നും ബിനോയ് വിശ്വം. പാർട്ടി കോൺഗ്രസ് രാഷ്ട്രീയ
പ്രമേയത്തിലാണ് ,കേന്ദ്രം ഭരിക്കുന്നത് നവഫാസിസ്റ്റ് സർക്കാരെന്ന് സി.പി.എം
വിശേഷിപ്പിച്ചത്.എസ്.എൻ കോളേജിൽ എസ്.എഫ്.ഐയുടെ ശത്രു
എ.ഐ.എസ്.എഫാണോ, എ.ബി.വി.പിയാണോയെന്ന് അവർ ചിന്തിക്കണമെന്നും അദ്ദേഹം
പറഞ്ഞു.
പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുക്കുന്നത്
കമ്മ്യൂണിസ്റ്റ് രീതിയല്ല. മാദ്ധ്യമ പ്രീതിക്കു വേണ്ടി അത്തരം പ്രവൃത്തികൾ ചെയ്യുന്നവർ പാർട്ടി
വിരുദ്ധരാണ്. അത്തരക്കാരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ബിനോയ് വിശ്വം
പറഞ്ഞു.