വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രതീരുമാനം ഇനി എന്നുണ്ടാകുമെന്ന് ഹൈക്കോടതി

Saturday 02 August 2025 12:04 AM IST

# കേന്ദ്ര സർക്കാർ വീണ്ടും സമയംതേടി

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എന്നുണ്ടാകുമെന്ന് ഹൈക്കോടതി. ദുരന്തം നടന്നിട്ട് ഒരുവർഷം പിന്നിട്ടുവെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി. വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശത്തിൽ തീരുമാനം എന്നുണ്ടാകുമെന്ന് പറയാനാകില്ലെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം. നിർദ്ദേശം നിലവിൽ കേന്ദ്ര ധനകാര്യ മന്ത്രാലത്തിന്റെ പരിഗണനയിലാണെന്ന് എ.എസ്.ജി വിശദീകരിച്ചു. ധനകാര്യ മന്ത്രാലത്തിന്റെ പ്രത്യേകവിഭാഗമാണ് പരിഗണിക്കുന്നത്. അവർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ഇക്കാര്യത്തിലുള്ള തീരുമാനം അറിയിക്കാൻ സമയം വേണമെന്ന് അറിയിച്ചതിനെ തുടർന്ന് ഹർജി ആഗസ്റ്റ് 13ലേക്ക് മാറ്റി. തീരുമാനം എന്തായാലും അന്നെങ്കിലും അറിയിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആവശ്യപ്പെട്ടു. വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ കേരളബാങ്കിന്റെ മാതൃക കേന്ദ്രത്തിനും പിന്തുടരാമെന്ന് കോടതിയും അഭിപ്രായപ്പെട്ടു.

ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളണമെന്ന നിർദ്ദേശം ഹൈക്കോടതിയാണ് മുന്നോട്ടുവച്ചത്. ദുരന്തനിവാരണ നിയമത്തിൽ ഇതിനുള്ള വകുപ്പ് ഒഴിവാക്കിയതിനാൽ സാദ്ധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തുകൂടേയെന്ന് കോടതിയും ആരാഞ്ഞു. ഇതിനുള്ള മറുപടിക്കാണ് കേന്ദ്രം പലവട്ടം സമയംതേടിയത്. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർ 35.30 കോടി രൂപയാണ് 12 ദേശസാത്കൃത ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുളളത്.