ദേവരാജൻ മാസ്റ്റർ പുരസ്കാരം
Saturday 02 August 2025 12:08 AM IST
കൊല്ലം: ജി.ദേവരാജൻ മാസ്റ്റർ സ്മാരക പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ ആറാമത് ജി.ദേവരാജൻ മാസ്റ്റർ പുരസ്കാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സമഗ്ര സംഭാവന പുരസ്കാരം ചലച്ചിത്ര സംവിധായകൻ പ്രിയദർശനും നൽകും. 25,000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 22ന് നടക്കുന്ന വാർഷികാഘോഷത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ചെയർമാനും ഗാനരചയിതാക്കളായ വയലാർ ശരത്ത്ചന്ദ്രവർമ്മ, രാജീവ് ആലുങ്കൽ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തീരുമാനിച്ചത്. പത്രസമ്മേളനത്തിൽ പ്രസിഡന്റ് എസ്.മണിക്കുട്ടൻ, സെക്രട്ടറി മാങ്കുളം രാജേഷ്, ട്രഷറർ എം.ജി.ശ്രീഹരി, ലേഖ, ജയ, സൗമ്യ എന്നിവർ പങ്കെടുത്തു.