ഗവർണർ നടപ്പാക്കുന്നത് രാഷ്ട്രീയ അജണ്ട: മന്ത്രി ആർ.ബിന്ദു

Saturday 02 August 2025 12:08 AM IST

ഇരിങ്ങാലക്കുട: കോടതി വിധി കാറ്റിൽ പറത്തിയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വൈസ് ചാൻസലർ നിയമനത്തിൽ ഇടപെടുന്നതെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. താത്കാലിക വി.സി നിയമനം സർക്കാരുമായി ആലോചിച്ച് ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചതാണ്. സർക്കാർ പാനൽ വച്ചിരുന്നു.സ്വന്തം രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് ഗവർണർ ചെയ്യുന്നത്.

സർക്കാരിന്റെ വിയോജിപ്പ് ഗവർണറെ അറിയിക്കും. സർക്കാർ സാമ്പത്തിക സഹായം കൊണ്ട് പ്രവർത്തിക്കുന്ന സർവകലാശാലകളിൽ സർക്കാരിന് അധികാരമില്ലെന്ന് പറയുന്നതിന്റെ സാങ്കേതികത്വം മനസിലാകുന്നില്ല. കാലങ്ങളായി ഗവർണർമാർ ചാൻസർമാരായി പ്രവർത്തിച്ചു വരുന്നതാണ്. കഴിഞ്ഞ ഗവർണറുടെ കാലം മുതലാണ് തർക്കമാരംഭിക്കുന്നത്.ആർ.എസ്.എസ് പ്രത്യയ ശാസ്ത്രത്തോട് കൂറ് പുലർത്തുന്നവരെയാണ് വൈസ് ചാൻസലർമാരായി നിയമിക്കുന്നത്. അധികാരത്തിന് അപ്പുറത്തേക്ക് കൈകടത്തലുണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. കേരള സർവകലാശാലാ രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. എത്രയും വേഗം സിൻഡിക്കേറ്റ് വിളിക്കണമെന്ന് വി.സിയോട് ആവശ്യപ്പെട്ടിട്ടും വിളിച്ചിട്ടില്ല. ഏകപക്ഷീയമായ പോക്കാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.