ബി.ജെ.പി നേതാക്കളുടെ അരമന സന്ദർശനം വോട്ടിന്: എം.വി.ഗോവിന്ദൻ

Saturday 02 August 2025 12:12 AM IST

തിരുവനന്തപുരം: ഛത്തീസ്‌ഗഢിൽ കന്യാസ്‌ത്രീകളെ ജയിലിടച്ചതിൽ പ്രതിഷേധമുയരുമ്പോൾ കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ അരമന സന്ദർശനം വോട്ടു ലക്ഷ്യമിട്ടാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ആക്രമണത്തെ സന്ദർശനം കൊണ്ട്‌ വെള്ള പൂശാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

അരമനകൾ കയറിയിങ്ങുന്ന ബി.ജെ.പി നേതാക്കളെ പുരോഹിതർ സ്വീകരിക്കുന്നതിനെ തെറ്റായി കാണേണ്ടതില്ല. അതാണ്‌ കേരളത്തിന്റെ മര്യാദ. വ്യത്യസ്‌ത മത വിഭാഗത്തിൽപ്പെട്ടവർ സൗഹാർദത്തോടെ കഴിയുന്ന ജനതയെ മറ്റെവിടേയും കാണാനാകില്ല. കേരളത്തിൽ സംഘപരിവാറിന്റെ രാഷ്‌ട്രീയലക്ഷ്യം സാധ്യമാകാത്തത്‌ ഇവിടെ ശക്തമായ ഇടതുപക്ഷമുള്ളതിനാലാണ്‌. തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കാൻ കാരണം ക്രൈസ്‌തവ വോട്ടുകളാണെന്ന അഭിപ്രായമില്ല. കോൺഗ്രസിന്റെ എൺപതിനായിരത്തിലേറെ വോട്ടുകൾ ബി.ജെ.പി സ്ഥാനാർഥിക്ക്‌ പോയതാണ്‌ അവരുടെ ജയത്തിനിടയാക്കിയത്‌. ഛത്തീസ്‌ഗഢിൽ കന്യാസ്‌ത്രീകളെ ജയിലിടച്ച സംഭവം ഒതുക്കിത്തീർക്കാൻ കഴിയാത്തവിധത്തിലെത്തിയത്‌ ഇടതുപക്ഷത്തിന്റെ ഇടപെടൽ കാരണമാണ്. സർവകലാശാലകളെ കാവിവൽകരിക്കുകയാണ്‌ സംഘപരിവാർ ലക്ഷ്യം. കോടതി വിധി പോലും അംഗീകരിക്കാത്തതിനെതിരെ പ്രതിഷേധമുയരണമെന്നും ഗോവിന്ദൻ പറഞ്ഞു.