അവാർഡിന് വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല : വിജയരാഘവൻ
കോട്ടയം : വിജയരാഘവന്റെ കോട്ടയം ഒളശയിലെ ഡയനീഷ്യയെന്ന വീട്ടിലും പൂക്കാലമാണ്. അരനൂറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിൽ ആദ്യമായി തേടിയെത്തിയ ദേശീയ അവാർഡിന്റെ സന്തോഷം. സംസ്ഥാന അവാർഡ് സമ്മാനിച്ച 'പൂക്കാലം' ദേശീയ അവർഡിന് കൂടി അർഹനാക്കുമ്പോഴും പതിവ് ചിരിയുണ്ട് വിജയരാഘവന്റെ മുഖത്ത്. എറണാകുളത്ത് നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് അവാർഡ് വിവരം അറിയുന്നത്.
''അവാർഡിന് വേണ്ടി ഇതുവരെ അഭിനയിച്ചിട്ടില്ല. അതുകൊണ്ട് അമിതമായ സന്തോഷം തോന്നുന്നേയില്ല. പൂക്കാലത്തിൽ നന്നായി അഭിനയിച്ചെന്ന് പലരും പറഞ്ഞപ്പോൾ സന്തോഷം തോന്നിയിരുന്നു. നമ്മൾ ചെയ്ത കഥാപാത്രം ജനങ്ങൾ ഏറ്റെടുക്കുന്നതാണ് ഏറ്റവും വലിയ ആനന്ദം. ഇങ്ങനെ ഒരു കഥാപാത്രം എന്നിലേയ്ക്ക് എത്തിയെന്നതാണ് ഏറ്റവും നല്ല ഓർമ്മ. പൂക്കാലത്തിലെ ഇട്ടൂപ്പിലേയ്ക്ക് മാറിയത് കഷ്ടപ്പെട്ടാണെന്ന് തോന്നിയിട്ടില്ല. അത് ആവേശത്തോടെ ചെയ്തതാണ്. ഒച്ചയടച്ച് ഡബ്ബ് ചെയ്തപ്പോൾ തൊണ്ടയ്ക്ക് നീരുവന്നിരുന്നു. അതൊക്കെ അഭിനയത്തിന്റെ ഭാഗമാണ്. അരിയാഹാരം പൂർണമായും ഒഴിവാക്കി വണ്ണം കുറച്ചു. കരിയറിന് വേണ്ടി ചെയ്ത നല്ലകാര്യത്തിന് ഫലമുണ്ടായതിൽ സന്തോഷമുണ്ട്. എന്നാൽ അമിത സന്തോഷം ഒരിക്കലും എന്നെ കീഴ്പ്പെടുത്താറില്ല.'' അദ്ദേഹം പറഞ്ഞു.
''ഇപ്പോൾ അവാർഡുകൾ പ്രതീക്ഷിക്കാറില്ല. ചേറാടി കറിയയ്ക്കും ദേശാടനത്തിനും രൗദ്രത്തിലെ അപ്പിച്ചായിക്കും ലീലയിലെ പിള്ളേച്ചനുമൊക്കെ അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞു. അന്നൊക്കെ അതൊക്കെ വിശ്വസിച്ചെങ്കിലും അവാർഡ് കിട്ടിയില്ല. സംവിധായകനും ക്യാമറാമാനും മേക്കപ്പ്മാനും ഉൾപ്പെടെ പൂക്കാലത്തിനായി പ്രവർത്തിച്ച എല്ലാവർക്കുമുള്ളതാണ് ഈ അവാർഡെന്ന് വിജയരാഘവൻ പറഞ്ഞു.