വിദ്യാർത്ഥികൾക്ക് ഭീഷണിയായി സ്കൂളിലെ ഭീമൻ കാറ്റാടിയന്ത്രം

Saturday 02 August 2025 1:20 AM IST
മുതലമട ചള്ള ജി.എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭീഷണിയായി നിൽക്കുന്ന ഭീമൻ കാറ്റാടി യന്ത്രം.

മുതലമട: ഗ്രാമപഞ്ചായത്തിലെ പ്രധാന സ്‌കൂളായ ചള്ള ജി.എൽ.പി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് ഭീഷണിയായി ഭീമൻ കാറ്റാടി യന്ത്രം. 27 വർഷം മുൻപ് 1998 ൽ വൈദ്യുതി നിരക്ക് ലാഭിക്കാനായി അന്നത്തെ സ്‌കൂൾ അധികൃതർ സ്ഥാപിച്ച കാറ്റാടിയന്ത്രമാണ് ഇന്ന് ഉപയോഗ ശൂന്യമായി സ്‌കൂളിനും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും ഭീഷണിയായി നിലനിൽക്കുന്നത്. സ്‌കൂളിലെ കിണറിൽ 40 അടി നീളമുള്ള ടവറിലാണ് കാറ്റാടി യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ടൺ ഭാരമുണ്ടെന്നാണ് പറയുന്നത്.

ചള്ള സ്‌കൂളിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ 265 കുട്ടികളാണ് പഠിക്കുന്നത്. കൂടാതെ ടവറിനോട് ചേർന്ന് ഓടുമേഞ്ഞ കെട്ടിടവും നിൽക്കുന്നുണ്ട്. കാറ്റാടി യന്ത്രത്തിന്റെ ശോചനീയാവസ്ഥ കാണിച്ച് പഞ്ചായത്തിൽ പരാതി പറഞ്ഞിട്ടുണ്ടെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എത്രയും വേഗം ദ്രവിച്ച കാറ്റാടി യന്ത്രവും ടവറും സ്‌കൂളിൽ നിന്ന് മാറ്റി വിദ്യാർത്ഥികളുടെയും സ്‌കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് അദ്ധ്യാപകരും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.

സ്‌കൂളിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി നിൽക്കുന്ന കാറ്റാടിയന്ത്രം ഉടൻ മാറ്റാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

കെ.ശിവദാസൻ, പി.ടി.എ പ്രസിഡന്റ്

കഴിഞ്ഞ ദിവസമാണ് കാറ്റാടി യന്ത്രത്തിന്റെ ശോചനീയാവസ്ഥ കാണിച്ച് സ്‌കൂൾ അധികൃതരുടെ കത്ത് ലഭിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് കാറ്റാടി യന്ത്രം മാറ്റും.

ജാസ്മിൻ ഷെയ്ക്ക്, മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്