പാഠം ഒന്ന്; പാമ്പു പിടിത്തം

Saturday 02 August 2025 12:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപകർക്ക് അടിയന്തര ഘട്ടങ്ങളിൽ ശാസ്ത്രീയവും അപകടരഹിതവുമായി പാമ്പ് പിടിക്കാനുള്ള പരിശീലനം നൽകാനൊരുങ്ങി വനംവകുപ്പ്. ആഗസ്റ്റ് 11ന് പാലക്കാട്ടാണ് ഒരു ദിവസത്തെ പരിശീലനം. പാലക്കാട് സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് വിദ്യാഭ്യാസ വകുപ്പിലേക്ക് ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളുകളിൽ വനംവകുപ്പ് നടത്തിയ സേഫ്ടി പരിശോധനയിൽ പാലക്കാട് നിന്നുള്ള അദ്ധ്യാപകരുൾപ്പെടെയുള്ളവർ ആവശ്യമുയർത്തിയിരുന്നു.

അടുത്ത കാലത്തായി സ്കൂൾ പരിസരങ്ങളിലും ക്ളാസ് മുറികളിലും പാമ്പുകളെ കണ്ട സാഹചര്യവും പരിശീലനം നൽകുന്നതിന് കാരണമായിട്ടുണ്ട്. സ്കൂൾ സമയങ്ങളിൽ പാമ്പിനെ കണ്ടാൽ സർപ്പടീം എത്തും വരെ കാത്തിരിക്കാതെ എത്രയും വേഗം പിടികൂടുകയെന്ന ലക്ഷ്യവുമുണ്ട്.

പാലക്കാട് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന പദ്ധതി വിജയകരമെങ്കിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് സർപ്പ മിഷൻ നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ അറിയിച്ചു.