ഡോ. ഹാരിസിന് എതിരായ ആരോപണം  തിരിച്ചടിച്ചു , അനുനയവുമായി  ആരോഗ്യവകുപ്പ്

Saturday 02 August 2025 12:42 AM IST

തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ പ്രതിക്കൂട്ടിലാക്കികൊണ്ട് ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാനില്ലെന്ന വെളിപ്പെടുത്തൽ തിരിച്ചടിയായതോടെ അനുനയ നീക്കവുമായി ആരോഗ്യവകുപ്പ്.

കാരണം കാണിക്കൽ നോട്ടീസ് നൽകിയത്, ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയ മുടങ്ങിയെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ നടപടികൾ പൂർത്തിയാക്കാൻ വേണ്ടിമാത്രമാണെന്ന് സൂചന നൽകി. മറുപടി നൽകുന്നതോടെ, വിഷയം അവസാനിക്കുമെന്ന് ഡോക്ടറെ അറിയിച്ചതായാണ് വിവരം.

കാരണം കാണിക്കലിനോട് അദ്ദേഹം വൈകാരികമായി പ്രതികരിച്ചത് സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഉപകരണത്തിന്റെ ഒരുഭാഗം കാണാനില്ലെന്ന അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തലുമായി മന്ത്രി വീണാ ജോർജ് രംഗത്തെത്തിയത്. ശസ്ത്രക്രിയ്ക്കുള്ള ഓസിലോസ്കോപ്പിന്റെ ഒരു ഭാഗം കളവ് പോയെന്നാണ് കണ്ടെത്തൽ. കാണാതെ പോയിട്ടും റിപ്പോർട്ട് ചെയ്തില്ലെന്നും മന്ത്രി തൃശൂരിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഈ ഉപകരണം ഓപ്പറേഷൻ തിയേറ്ററിലുണ്ടെന്നും മന്ത്രി എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്നും ഡോ. ഹാരിസ് പ്രതികരിച്ചതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതോടെയാണ് അനുനയത്തിലേക്ക് തിരിഞ്ഞത്.

ഡോക്ടറുടെ ചോദ്യങ്ങൾക്ക് ഉത്തരംമുട്ടി

 ഉപകരണം കാണാനില്ലെന്ന ആക്ഷേപത്തിന് കൃത്യതയാർന്ന പ്രതികരണമാണ് ഡോക്ടർ നടത്തിയത്.

അന്വേഷണത്തിന് എത്തിയ വിദഗ്ദ്ധ സമിതി ഓപ്പറേഷൻ തിയേറ്ററിൽ കയറിയില്ല. അവരുടെ അന്വേഷണ പരിധിയിലുള്ള വിഷയം അതായിരുന്നില്ല.

 ഉപകരണങ്ങൾക്ക് വർഷാവർ‌ഷം ഓഡിറ്റ് നടത്തുന്നുണ്ട്. ഓസിലോസ്കോപ്പിന് 20ലക്ഷമില്ല. 14ലക്ഷത്തിന്റെ ഈ ഉപകരണത്തിന്റെ ചിത്രങ്ങൾ ജില്ലാ കളക്ടറുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്.

വിങ്ങിപ്പൊട്ടി ഡോ. ഹാരിസ്

കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതോടെ ഡോ. ഹാരിസ് മാനസിക സമ്മർദ്ദത്തിലായി. ഇന്നലെ രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് വീട്ടിലെത്തിയ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപൊട്ടി. എപ്പോഴും കത്തു മുഖേന അധികൃതരെ വിവരങ്ങൾ അറിയിക്കാൻ പല വിഷമതകളുണ്ട്. കണ്ണുകൾ നിറഞ്ഞ ഡോക്ടർ വീടിനുള്ളിലേക്കു തിരിച്ചു കയറി.

സ്വാഭാവിക നടപടി: ആരോഗ്യമന്ത്രി

തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ ഡോ. ഹാരിസിനെതിരെ വകുപ്പുതല അന്വേഷണമാണ് നടത്തുന്നതെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും മന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉപസമിതിയുടെ അന്വേഷണത്തിലാണ് ശസ്ത്രക്രിയാ ഉപകരണങ്ങൾ കാണാതായെന്ന് കണ്ടെത്തിയത്. ഡോ. ഹാരിസ് ഉന്നയിച്ച വിഷയങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. തിരുവനന്തപുരം എം.പിയുടെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കാണാതായത്. വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തണം. അന്വേഷണം നടത്തുന്നതിൽ എന്താണ് തെറ്റ്. നേരത്തെ ഇക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നില്ല.