ദേശീയ ചലച്ചിത്ര അവാർഡ്, ഉള്ളൊഴുക്കിന്റെ പൂക്കാലം

Saturday 02 August 2025 12:47 AM IST

ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം. 'പൂക്കാല"ത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടൻ. 'ഉള്ളൊഴുക്കി"ലെ മികച്ച പ്രകടനത്തിന് ഉർവശി സഹനടി. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.

പൂക്കാലത്തിന്റെ എഡിറ്റിംഗിന് മിഥുൻ മുരളി, കേരളത്തിലെ പ്രളയം പ്രമേയമാക്കിയ '2018"ന്റെ കലാസംവിധാനത്തിന് മോഹൻ ദാസ്, നോൺ ഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശം എം.കെ.രാമദാസ് (നെക്കൽ- ക്രോണിക്കിൾ ഒഫ് ദ പാഡി മാൻ) എന്നിവർക്കും മലയാളത്തിൽ നിന്ന് പുരസ്കാരം. ഹിന്ദി ചിത്രം അനിമലിന്റെ സൗണ്ട് ഡിസൈനിംഗിന് മലയാളികളായ സച്ചിൻ സുധാകരനും ഹരിഹരൻ മുരളീധരനും അവാർഡ്. ഈ ചിത്രത്തിന്റെ റീ റെക്കാഡിംഗിന് മലയാളിയായ എം.ആർ.രാജാകൃഷ്‌ണന് പ്രത്യേക പരാമർശം. ദ സാക്രഡ് ജാക്ക് എന്ന ചിത്രത്തിലെ വിവരണത്തിന് ഹരികൃഷ്ണനും പുരസ്കാരം.

മികച്ച നടന്മാർക്കുള്ള പുരസ്കാരം ബോളിവുഡ് താരം ഷാരൂഖ് ഖാനും (ജവാൻ), യുവനടൻ വിക്രാന്ത് മാസിയും (ട്വൽത്ത് ഫെയിൽ) പങ്കിട്ടു. ഷാരൂഖിന്റെ ആദ്യ ദേശീയ അവാർഡാണിത്. മികച്ച നടി റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വൽത്ത് ഫെയിൽ ആണ് മികച്ച ചിത്രം.

സഹനടനുള്ള അവാർഡ് വിജയരാഘവനൊപ്പം സോമു ഭാസ്‌കറും ('പാർക്കിംഗ്", തമിഴ്) ഉർവശിക്കൊപ്പം സഹനടിക്കുള്ള അവാർഡ് ജാൻകി ബോഡിവാലയും ('വംശ്", ഗുജറാത്തി) പങ്കിട്ടു. ജനപ്രിയ ചിത്രം: റോക്കി ഔർ റാണി കീ പ്രേം കഹാനി (ഹിന്ദി).

കേരള വിവാദ സ്റ്റോറി

കേരളത്തിൽ നിന്നുള്ള ഇസ്ളാമത പരിവർത്തന കഥ പറയുന്ന വിവാദ ചിത്രം 'കേരള സ്റ്റോറിക്ക്" മികച്ച സംവിധായകനും (സുധീപ്‌തോ സെൻ), മികച്ച ഛായാഗ്രാഹകനുമുള്ള (പ്രശാന്തനു മൊഹാപാത്ര) അവാർഡുകൾ ലഭിച്ചു.

 സംഘപരിവാർ അജൻ‌ഡ: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ പുരസ്കാരം നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജൻഡയാണ് ഇതിലൂടെ നടപ്പാക്കുന്നത്.കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചതിലൂടെ മതസാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നിലകൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് ദേശീയ ജൂറി അവഹേളിച്ചിരിക്കുന്നത്.