ജാമ്യ വ്യവസ്ഥ ലംഘിച്ചു കൊടി സുനിയുടെ പരോൾ റദ്ദാക്കി

Saturday 02 August 2025 12:47 AM IST

കണ്ണൂർ: മീനങ്ങാടി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. അസുഖബാധിതയായ അമ്മയോടൊപ്പം നിൽക്കാൻ ജൂലായ് 21 മുതൽ ഈ മാസം ഏഴുവരെയായിരുന്നു അടിയന്തര പരോൾ അനുവദിച്ചിരുന്നത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന വയനാട് മീനങ്ങാടി സി.ഐ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരോൾ റദ്ദാക്കിയത്.

പരോൾ സമയത്ത് വ്യവസ്ഥ ലംഘിച്ച് സ്‌റ്റേഷനിൽ ഹാജരാകാതെ വിവിധ ജില്ലകളിൽ സഞ്ചരിച്ചതായും ഇതര സംസ്ഥാനങ്ങളിലേക്ക് പോകാൻ ശ്രമിച്ചതായും സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരുന്നു.

അതിനിടെ,​ തലശ്ശേരി കോടതിയിൽ നിന്ന് വരുന്ന വഴി ടി.പി കേസിലെ പ്രതികളായ കൊടി സുനിക്ക് ഉൾപ്പെടെ മദ്യം കഴിക്കാൻ അവസരമൊരുക്കിയ സംഭവത്തിൽ മൂന്ന് പൊലീസുകാരെ കഴിഞ്ഞ ദിവസം കണ്ണൂർ സിറ്റിപൊലീസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തു. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവർക്കെതിരെയാണ് നടപടി.

ജൂലായ് 17ന് മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണയ്ക്ക് തലശ്ശേരി അഡിഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം. കോടതി പിരിഞ്ഞപ്പോൾ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കൊടി സുനിക്കും മുഹമ്മദ് റാഫി, ഷിനോജ് എന്നീ പ്രതികൾക്കും സുഹൃത്തുക്കൾ മദ്യം എത്തിച്ചുനൽകിയത്. എസ്കോർട്ട് പോയ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഇവർ മദ്യം കഴിച്ചുവെന്ന് സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.