ഇന്ത്യൻ ഫുട്ബോളിൽ ഇനി ജമീലിൻ്റെ മായാജാലം

Saturday 02 August 2025 3:15 AM IST
E

ഖാലിദ് ജമീൽ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച്

ന്യൂഡൽഹി: പ്രതീഷിച്ച പോലെ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ പരിശീലകനായി മുൻ താരം ഖാലിദ് ജമീലിനെ നിയമിച്ചു. ടെക്നിക്കൽ കമ്മിറ്റി ഷോർട്ട് ലിസ്റ്റ് ചെയ്ത മൂന്നു പേരിൽ നിന്ന് ഖാലിദ് ജമീലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ എക്സിക്യൂട്ടിവ് കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു. മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ തർക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് 48 കാരനായ ജമീലിന് നറുക്ക് വീണത്.

13 വർഷത്തിന് ശേഷമാണ് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് ഒരു ഇന്ത്യക്കാരൻ വരുന്നത്.

ടീമിൻ്റെ മോശം പ്രകടനത്തെ തുടർന്ന് സ്പാനിഷ് പരിശീലകൻ മനോളോ മാർകേസ് രാജിവച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്ക് 170 അപേക്ഷകളാണ് ഓൾ ഇന്ത്യ ഫൂട്ബോൾ ഫെഡറേഷന് (എ.ഐ. എഫ് എഫ്) ലഭിച്ചത്.

സ്പാനിഷ് ഇതിഹാസ താരം സാവി ഹെർണാണ്ടസ്, മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോള എന്നിവരുടെ പേരിലെല്ലാം വ്യാജ അപേക്ഷകളും ലഭിച്ചിരുന്നു.

ഐ.എം വിജയൻ അദ്ധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റിയാണ് 170 അപേക്ഷകൾ പരിശോധിച്ച് ഖാലിദിൻ്റെയും കോൺസ്റ്റൻ്റൈൻ്റെയും താർക്കോവിച്ചിൻ്റെയും പേര് എക്സിക്യുട്ടിവ് കമ്മിറ്റിക്ക് സമർപ്പിച്ചത്.

ഇന്ത്യൻ ഫുട്ബോൾ രംഗത്തേയ്ക്കുറിച്ച് നന്നായി അറിയാമെന്നതും ചെറിയ ക്ലബുകളിൽ നേട്ടങ്ങൾ സ്വന്തമാക്കാനായിട്ടുമുള്ള ജമീൽ തന്നെ പരിശീലക സ്ഥാനത്തേയ്ക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.

സൂപ്പർ കോച്ച്

എ.എഫ്.സി പ്രോ ലൈസൻസ് ഉള്ള ജമീൽ ഒരു ദശാബ്ദത്തോളം ഐ. എസ് എൽ ഐ ലീഗ് ക്ലബുകളെ പരിശീലിപ്പിച്ച് മികച്ച റിസൾട്ടുണ്ടാക്കിയാണ് ഇപ്പോൾ ദേശീയ ടീമിൻ്റെ പരിശീലക സ്ഥാനത്തേയ്ക്ക് വരുന്നത്. നിലവിൽ ഐ.എസ്.എൽ ക്ലബ് ജംഷഡ്പൂർ എഫ്.സിയുടെ പരിശീലകനാണ്. 2026 വരെ ജംഷഡ്പൂരുമായി ജമീലിന് കരാറുണ്ട്.

.ഈ സീസണിൽ

സൂപ്പർ കപ്പിൽ ജംഷഡ്പൂരിനെ റണ്ണറപ്പാക്കി.

2020-21 സീസണിൽ നോർത്ത് ഈസ്റ്റ് യുണറ്റഡിൻ്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത ജമീൽ ഐ.എസ്.എല്ലിലെ ആദ്യ ഇന്ത്യൻ പരിശീലകനായി. നോർത്ത് ഈസ്റ്റിനെ പ്ലേ ഓഫിലെത്തിക്കയും ചെയ്തു. ഐ.എസ്.എല്ലിൽ ഒരു ടീമിനെ പ്ലേ ഓഫിലെത്തിക്കുന്ന ആദ്യ ഇന്ത്യൻ കോച്ചും ജമീൽ തന്നെയാണ്.

2017 ൽ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ബംഗളൂരു എഫ്.സി തുടങ്ങിയ വമ്പൻമാരെ കീഴടക്കി ഐസ്വാൾ എഫ്.സിയെ ഐലീഗ് ചാമ്പ്യൻമാരാക്കിയതോടെയാണ് ജമീലിൻ്റെ മികവ് ഇന്ത്യൻ ഫുട്ബോൾ രംഗത്തിന് മനസിലാകുന്നത്. രണ്ട് തവണ എ.ഐ.എഫ്.എഫിൻ്റെ മികച്ച പരിശീലകനുളള പുരസ്കാരം ലഭിച്ചു .

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക്

പഞ്ചാബി ദമ്പതികളുടെ മകനായി 1977 ൽ കുവൈത്തിൽ ജനിച്ച ജമീലിൻ്റെ ഫുട്ബോൾ കരിയർ മുഴുവൻ ഇന്ത്യയിലായിരുന്നു. ക്ലബ് തലത്തിൽ മഹീന്ദ്ര യുന്നൈറ്റഡ്, എയർ ഇന്ത്യ , മുംബയ് എന്നീ ടീമുകൾക്കായാണ് കൂടുതലും ജമീൽ കളിച്ചത്. ഇന്ത്യയ്ക്കായി 1998 മുതൽ 2006 വരെ 40 മത്സരങ്ങളിൽ കളിച്ച ഈ മിസ്ഫീൽഡർ 4 ഗോളുകളും നേടി.

20- വർഷത്തിന് ശേഷമാണ് ഒരു മുഴുവൻ സമയ ഇന്ത്യൻ പരിശീലകനെ ദേശീയ പുരുഷ ടീമിന് ലഭിക്കുന്നത്. 2005 ൽ സുഖ്വീന്ദർ സിംഗാണ് അവസാനമായി ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ മുഴുവൻ സമയ പരിശീലകനായത് . 2011-12 ൽ അമാൻഡോ കൊളോസൊയും സാവിയോ മെദെയരെയും ഇടക്കാല പരിശീലകരായാണ് ടീമിനൊപ്പം ഉണ്ടായിരുന്നത്.

ആദ്യ പരീക്ഷണം കാഫ കപ്പ്

സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ ( കാഫ ) നേഷൻസ് കപ്പിലാകും ജമീലിൻ്റെ ശിക്ഷണത്തിൽ ഇന്ത്യൻ ടീമിൻ്റെ ആദ്യ ടൂർണമെൻ്റ്. ഈ മാസം 29 മുതൽ താജികിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലുമായാണ് ടൂർണമെൻ്റ് നടക്കുന്നത്.