കോഴിക്കോട്ട് പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ; പശുവും ചത്തു
കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയിൽ പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ചൂള പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെയും വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തി.
രാത്രിയായിട്ടും ബോബി മടങ്ങിയെത്താതായതോടെ വനംവകുപ്പും പൊലീസും ഫയർഫോഴ്സും നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സംയുക്തമായി തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് രാത്രി 12 മണിയോടെ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളൊന്നും ഇല്ല. പശുവിന്റെ ശരീരത്തിലും പരിക്കുകൾ ഇല്ല. ബോബിയുടെ മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.