'കൂടുതൽ നടപടിക്രമങ്ങളിലേക്ക് പോകാതെ കേസ് പിൻവലിക്കണം'; കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ് കന്യാസ്‌ത്രീയുടെ കുടുംബം

Saturday 02 August 2025 12:34 PM IST

തിരുവനന്തപുരം: നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഛത്തീസ്‌ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരിച്ച് കുടുംബം. ഒപ്പം നിന്ന എല്ലാവർക്കും നന്ദി പറഞ്ഞ അവർ വളരെ വൈകാരികമായാണ് പ്രതികരിച്ചത്. കൂടുതൽ നടപടിക്രമങ്ങളിലേക്ക് പോകാതെ കേസ് പിൻവലിക്കണമെന്നും സിസ്റ്റർ പ്രീതിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

'ജാമ്യം കിട്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സമാധാനമായി. ഒരുപാട് പ്രാർത്ഥിച്ചിരുന്നു. ദൈവത്തോട് നന്ദി പറയുന്നു. ഞങ്ങൾക്കൊപ്പം നിന്ന ഭരണാധികാരികൾക്കും സഭാനേതാക്കൾക്കും നന്ദി. സംഭവം അറിഞ്ഞ അന്നുമുതൽ ഈ നിമിഷം വരെ ഞങ്ങളുടെ എംഎൽഎ ഒപ്പമുണ്ട്. അദ്ദേഹത്തെ പ്രത്യേകം നന്ദിയോടെ ഓർക്കുന്നു. എല്ലാ രാഷ്‌ട്രീയ പാർട്ടിയുടെ പ്രവർത്തകരും സന്നദ്ധ സംഘടനകളും പ്രാദേശിക നേതാക്കളും ഞങ്ങൾക്കൊപ്പം നിന്നു. അവർക്കെല്ലാം നന്ദി. പൊതുപ്രശ്‌നം എന്ന രീതിയിലെടുത്ത് മാദ്ധ്യമങ്ങളും ഞങ്ങളെ ഒരുപാട് സഹായിച്ചു. കൂടുതൽ നടപടിക്രമങ്ങളിലേക്ക് പോകാതെ കേസ് പിൻവലിക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം. ഇനി ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകരുത്' - സിസ്റ്റർ പ്രീതിയുടെ ബന്ധുക്കൾ പറഞ്ഞു.

ജാമ്യം ലഭിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജും പ്രതികരണവുമായി എത്തി. പ്രധാനമന്ത്രിയെയും ആഭ്യന്തമന്ത്രിയെയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കണ്ടു. എത്രയേറെ കല്ലേറുകൾ കൊണ്ടു. പക്ഷേ, ഏറ്റെടുത്ത ദൗത്യത്തിൽ നിന്നും രാജീവ് ചന്ദ്രശേഖർ പിന്മാറിയില്ലെന്നും ഷോൺ പറഞ്ഞു.