ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാർ നിമിഷങ്ങൾക്കകം കത്തിനശിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Saturday 02 August 2025 1:49 PM IST

ആറ്റിങ്ങൽ: ദേശീയപാതയിൽ ഓടിക്കാെണ്ടിരുന്ന കാർ നിമിഷങ്ങൾക്കകം പൂർണമായും കത്തിനശിച്ചു. ഇന്നുരാവിലെ ആറ്റിങ്ങൽ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന, വലിയകുന്ന് റോളണ്ടിൽ റോമിയുടെ ഉടമസ്ഥതയിലുള്ള 2005 മോഡൽ മാരുതി 800 കാറാണ് കത്തി നശിച്ചത്.

മാമത്തേക്ക് പോകുമ്പോൾ കാറിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് വിവരം കാറിലുണ്ടായിരുന്നവരെ അറിയിച്ചത്. ഇതോടെ സമീപത്തെ ചെറുറോഡിലേക്ക് കാർ മാറ്റിയശേഷം വാഹനത്തിലുണ്ടായിരുന്ന റോമിയും മാതാവും പുറത്തിറങ്ങി. നിമിഷങ്ങൾക്കകം കാർ കത്തിയമരുകയായിരുന്നു. റോമിയുടെ ആധാർ കാർഡ്,എടിഎം കാർഡുകൾ, മൊബൈൽ ഫോൺ എന്നിവയും കത്തി നശിച്ചു.ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. തീപിടിക്കാനിടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമല്ല.

കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നാണ് നാട്ടുകാർ പറയുന്നത്. തീ പടരുന്നത് അറിഞ്ഞിട്ടും കാർ ദേശീയപാതയിൽ നിന്ന് സമീപത്തെ റോഡിലേക്ക് മാറ്റിയിട്ടതും രക്ഷയായി എന്നും അവർ പറയുന്നു.

ഇന്നലെ കോന്നിക്ക് സമീപത്തും ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചിരുന്നു. പൂങ്കാവ്- വെള്ളപ്പാറ റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. പൂച്ചയെ മൃഗാശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുംവഴി പ്ലാസ്റ്റിക്ക് കരിയുന്ന ഗന്ധം അനുഭവപ്പെട്ടു. ഇതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി. അപ്പോഴേക്കും ബോണറ്റിനുള്ളിൽ നിന്ന് പുക ഉയരുകയും അല്പസമയത്തിനകം തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു.