കാട്ടാന കിണറിൽ വീണ സംഭവം; നാട്ടുകാർക്കെതിരായ കേസ് പിൻവലിക്കും

Sunday 03 August 2025 1:50 AM IST

കോതംഗലം: കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ കിണറിൽ കാട്ടുകൊമ്പൻ വീണതുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവർക്കെതിരായ പൊലീസ് കേസ് പിൻവലിക്കാൻ വഴിയൊരുങ്ങി. പതിനഞ്ച് പേർക്കെതിരെയുള്ള കേസ് പിൻവലിക്കാൻ സർക്കാർ സമ്മതം അറിയിച്ചു. കോടതി അനുമതിയോടെ കേസ് പിൻവലിക്കുന്നതിന് എതിർപ്പില്ലെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി, ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. കോട്ടപ്പടി പൊലീസ് എടുത്തിട്ടുള്ള കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.

കാട്ടാനശല്യം അതിരൂക്ഷമായ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ കുടിവെള്ള കിണറിലാണ് കൊമ്പൻ വീണത്. കഴിഞ്ഞവർഷം ഏപ്രിൽ പന്ത്രണ്ടിനായിരുന്നു സംഭവം. ആനയെ കരക്കുകയറ്റി രക്ഷപ്പെടുത്താനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇതേത്തുടർന്നാണ് നിരോധനാജ്ഞ ലംഘിച്ചു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തി നാട്ടുകാർക്കെതിരെ കേസ് എടുത്തത്. പ്രതികൾക്ക് ജനുവരിയിൽ കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനെ തുടർന്ന് വലിയ പ്രതിഷേധമാണുണ്ടായത്. ഇതിന് പിന്നാലെ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി ജോൺ എം.എൽ.എ ആഭ്യന്തരവകുപ്പിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അനുകൂല നടപടിയുണ്ടായത്.