വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ കരണത്തടിച്ച സംഭവം, സ്ഥലംമാറ്റത്തിന് പിന്നാലെ പൊലീസുകാരന് സസ്‌പെൻഷൻ

Saturday 02 August 2025 4:59 PM IST

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ കാനറ ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം പൈത്തിനിപ്പറമ്പ് സ്വദേശി ജാഫർ എന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നൗഷാദ് എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ജാഫർ എസ്‌പിക്ക് നേരിട്ട് പരാതി നൽകിയതിന് പിന്നാലെയാണ് നടപടി.

നൗഷാദ് യുവാവിന്റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസുകാരൻ ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. ഇത് വിവാദമായതോടെ നൗഷാദിനെ മഞ്ചേരി ട്രാഫിക് സ്റ്റേഷനിൽ നിന്ന് മലപ്പുറം ആംഡ് ഫോഴ്‌സിലേയ്ക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നൽകിയിരിക്കുന്നത്. പൊതുമദ്ധ്യത്തിൽ അപമര്യാദയായി പെരുമാറി,​ പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുർവിനിയോഗമാണ്,​ സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ.

ഇന്നലെ ഉച്ചയോടുകൂടിയാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെ ഡ്രൈവറായ ജാഫർ കാക്കി യൂണിഫോം ധരിച്ചില്ല എന്നുപറഞ്ഞ് പൊലീസ് പിഴ ഈടാക്കുകയായിരുന്നു. ആദ്യം 250 രൂപ പിഴ ചുമത്തിയതിനുശേഷം പിന്നീട് പ്രിന്റ് എടുത്തപ്പോൾ അതിൽ 500 ആയിരുന്നു കാണിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ കരണത്തടിക്കുകയായിരുന്നുവെന്ന് ജാഫർ പറയുന്നു. ബാങ്കിൽ നിന്ന് പണവുമായെത്തിയ വാഹനം വഴിയിൽ തടഞ്ഞിട്ടതിനുശേഷം പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോവുകയും പരാതിയില്ലെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തതായാണ് ജാഫറിന്റെ പരാതിയിൽ പറയുന്നത്.