'സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്' കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത നവീന ആശയം: മന്ത്രി രാജീവ്

Sunday 03 August 2025 12:49 AM IST
റൂറൽ ജില്ലാ പൊലീസ് കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് 15 -ാം വാർഷികാഘോഷത്തിൽ മന്ത്രി പി. രാജീവ് എസ്.പി.സി അംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കുന്നു

ആലുവ: കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത നവീന ആശയങ്ങളിൽ ഒന്നാണ് 'സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്' എന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് 15 -ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ നിയമാവബോധം, അച്ചടക്കം, സാമൂഹ്യ പ്രതിബദ്ധത,​ മാനവികത, നീതിബോധം തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ എസ്.പി.സിയുടെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ലഹരിയെ പ്രതിരോധിക്കാൻ വിപുലമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂളുകൾ ലഹരി മുക്തമാണെന്ന് ഉറപ്പുവരുത്താൻ ഏറ്റവും നന്നായി കഴിയുന്നത് എസ്.പി.സിക്കാണെന്നും മന്ത്രി പറഞ്ഞു.

പുതിയതായി എസ്.പി.സി അനുമതി ലഭിച്ച സ്കൂളുകൾക്കുള്ള അനുമതിപത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മികച്ച എസ്.പി.സി യായി കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടപ്പടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡി.സി.പി ജുവനപ്പടി മഹേഷ് പതാക ഉയർത്തി. 10 സ്കൂളുകളിൽ നിന്നുള്ള എസ്.പി.സി കേഡറ്റുകളുടെ പരേഡ് നടന്നു.

റൂറൽ പൊലീസ് അഡീഷണൽ സൂപ്രണ്ട് എം. കൃഷ്ണൻ, ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, വിദ്യാഭ്യാസ ഡി.ഡി സുബിൻ പോൾ, കെ.എം. അൻവർ അലി, സതി ലാലു, ലിസ ജെ. മങ്ങാട്ട്, കെ.ആർ. ബിനീഷ്, സി.ജെ. ജിബിൻ, സോണി ജെ. ചക്കാലക്കൽ, എം.ആർ. ബോബി എന്നിവർ പങ്കെടുത്തു.