കലാഭവന്‍ നവാസിന്റെ തലയില്‍ മുറിവ്, സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീണു

Saturday 02 August 2025 8:01 PM IST

കൊച്ചി: അന്തരിച്ച സിനിമാ താരം കലാഭവന്‍ നവാസിന്റെ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് താരത്തിന്റെ മരണത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ചോറ്റാനിക്കരയിലെ ഹോട്ടലില്‍ വെച്ച് വെള്ളിയാഴ്ച രാത്രിയാണ് നടന്‍ മരണപ്പെട്ടത്. രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇതിന് മുമ്പും നവാസിന് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് എറണാകുളത്ത് കളമശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് കിടന്നിരുന്നത്. വാതില്‍ പൂട്ടിയിരുന്നില്ല. മുറിക്ക് പുറത്തേക്ക് ഇറങ്ങി ആരുടെയെങ്കിലും സഹായം തേടാനൊരുങ്ങുന്നതിനിടെ കുഴഞ്ഞ് വീണതാകാമെന്നാണ് നിഗമനം. വീഴുന്നതിനിടെ നവാസിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ഹോട്ടലിലെ റൂം ബോയ് ആണ് താരത്തെ മരിച്ച നിലയില്‍ ആദ്യം കണ്ടത്.

ഷൂട്ടിംഗ് കഴിഞ്ഞ് റൂമില്‍ തിരിച്ചെത്തി കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താരം. പ്രകമ്പനം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് നവാസ് ഹോട്ടല്‍ മുറിയിലേക്ക് പോയത്. രണ്ട് ദിവസം ഷൂട്ടിങ് ഇല്ലാത്തതിനാല്‍ സാധനങ്ങളെടുത്ത് വീട്ടിലേക്ക് പോകാനായി ഹോട്ടല്‍ റൂമിലെത്തിയതായിരുന്നു. കഴിഞ്ഞ 25 ദിവസമായി ഇതേ ഹോട്ടല്‍ മുറിയിലാണ് സിനിമയിലെ മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും താമസിച്ചിരുന്നത്.

ഹോട്ടലിലേക്ക് മടങ്ങിയെത്തിയ ശേഷം എട്ട് മണിക്ക് ചെക്കൗട്ട് ചെയ്യുമെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞ ശേഷമാണ് മുറിയിലേക്ക് പോയത്. എട്ടര മണിയായിട്ടും കാണാതായതോടെയാണ് ജീവനക്കാര്‍ മുറിയിലേക്ക് പോയി പരിശോധിച്ചത്. ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോള്‍ നവാസിന് ജീവനുണ്ടായിരുന്നുവെന്നാണ് ഹോട്ടല്‍ ഉടമ പറഞ്ഞത്.