ജീവന്മുക്തിക്ക് വഴികാട്ടും രാമായണം
എല്ലാ നല്ല കഴിവുകളും പൂർണമായുണ്ടായിട്ടും അഹങ്കരിക്കാതെ ആത്മസമർപ്പണം ചെയ്യുമ്പോൾ ആ വ്യക്തിക്ക് മരണമുണ്ടാകില്ലെന്നും എല്ലാകാലത്തും നിത്യചെെതന്യമായി നിലനിൽക്കുമെന്നും ബോദ്ധ്യപ്പെടുത്തുന്നതാണ് രാമായണത്തിലെ ഹനുമാൻ. ബാഹ്യസൗന്ദര്യമല്ല, ആന്തരിക തേജസ്സാണ് പ്രധാനം. അദ്വിതീയമായ കഴിവുകളെല്ലാം ഈശ്വര കൃപാകടാക്ഷം കൊണ്ടാണെന്ന വിനീതബോധം നിലനിറുത്തി, മറ്റുള്ളവർക്കുവേണ്ടി കർമ്മനിരതനായാൽ അമാനുഷികനാകുമെന്ന്, ജീവബുദ്ധിയിൽ നിന്ന് വിട്ട് ആത്മബുദ്ധിയിലേക്ക് ഉയർന്നാൽ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കാനാകുമെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നതും ഇദ്ദേഹമാണ്.
'ദേഹബുദ്ധ്യാ തു ദാസോഹം
ജീവബുദ്ധ്യാ ത്വദംശക:
ആത്മബുദ്ധ്യാ ത്വമേവാസ്മി
ഇതി മേ നിശ്ചിതാ മതി:' എന്നാണ് ശ്രീഹനുമാൻ ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്.
രാമായണത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെ പരിചയപ്പെടുകയും അവരുമായി ഇടപഴകുകയും ചെയ്താൽ പടിപടിയായി ദേഹബുദ്ധിയിൽ നിന്ന് ആത്മബുദ്ധിയിലേക്ക് കയറി പരമാത്മാവും ജീവാത്മാവും രണ്ടല്ലെന്നുള്ള അഭേദചിന്ത ദൃഢതരമാകും. ആരാണ് ഈശ്വരൻ, ആരാണ് മനുഷ്യൻ, ആരാണ് മൃഗം, ആരാണ് രാക്ഷസൻ..? ഓരോരുത്തരെയും തിരിച്ചറിയുമ്പോൾ, താനാരാണെന്ന് തിരിച്ചറിയാനാകും. ഈ തിരിച്ചറിവിലൂടെയുള്ള ആത്മജ്ഞാനം നേടുവാൻ വേണ്ടിയാണ് രാമായണം പഠിക്കുന്നത്. ഒരു കുടുംബത്തിന്റെ കഥ ഏറ്റക്കുറച്ചിലോടെയാണെങ്കിലും വായിക്കുന്നവന്റെ കൂടി കഥയാകുന്നു. തന്നെക്കുറിച്ച് അറിയുമ്പോഴേ തന്റെ കർത്തവ്യം മനസിലാകൂ. അപ്പോൾ മാത്രമേ, സ്വധർമ്മാനുഷ്ഠാനം യഥാവിധി സാധിക്കൂ. അങ്ങനെ വന്നാൽ ചെയ്യുന്നതെല്ലാം ശ്രയസ്കരമായിത്തീരും. ജീവിതത്തിന്റെ ക്ഷണികവും നെെമിഷികവുമായ ഇടവേളയിൽ ആത്മനോമോക്ഷാർത്ഥം ചെയ്യുന്ന കാര്യങ്ങൾ ജഗത്തിനെ ഹിതകരമാക്കി മാറ്റാൻ നമുക്കെങ്ങനെ സാധിക്കുമെന്നും അതിന് എന്തു ചെയ്യണമെന്നും രാമായണം പറഞ്ഞുതരുന്നു.
ശക്തിയും വെളിച്ചവും
അവനവനെയും സമൂഹത്തെയും അറിയുമ്പോഴാണ് ശക്തിയും വെളിച്ചവും ലഭിക്കുന്നത്. സ്വന്തം വഴി കണ്ടെത്തി ഊർജ്ജസ്വലമായി സഞ്ചരിക്കുവാൻ ലോകപരിചയം സഹായിക്കും. എന്താണ് ജീവിതമെന്നും എങ്ങനെ ജീവിക്കണമെന്നും ജീവിതലക്ഷ്യം എന്താണെന്നും അറിയുന്നത് മറ്റുള്ളവരിലെ ജീവിതം വിലയിരുത്തുമ്പോഴാണ്. പ്രശ്നങ്ങളും പ്രതിബന്ധങ്ങളും സംഘട്ടനങ്ങളും നിറഞ്ഞ ജീവിതയാത്രയിൽ എല്ലാം വിധിയാണെന്നു കരുതി നരകിക്കാതെ സാഫല്യമടയാനുള്ള സാമർത്ഥ്യവും എന്തിനെയും അഭിമുഖീകരിക്കാനുള്ള കരുത്തും ആർജ്ജിക്കേണ്ടതാണ്. കർമ്മഫലം പിന്തുടരുകതന്നെ ചെയ്യുമെങ്കിലും അവനവന്റെ ചിന്തയും പ്രവൃത്തിയും മറ്റു പലതിന്റെയും കൂടെ സ്വാധീനം ചെലുത്തും. അതിനാൽ വിവേകത്തോടെ, തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ കൊണ്ടും ജീവന്മുക്തരായി മോക്ഷപ്രാപ്തിക്കുള്ള സാഹചര്യം ഒരുക്കേണ്ടത് അവരവർ തന്നെയാണ്. അത് എങ്ങനെ വേണമെന്നറിയാൻ രാമായണം സഹായിക്കും.