കൂടുതൽ വിദ്യാലയങ്ങളിലേക്ക് സ്കൂളുകളിൽ ഹിറ്റായി കുടുംബശ്രീ 'സ്കൂഫേ'

Sunday 03 August 2025 12:49 AM IST
സ്കൂഫേ

കോഴിക്കോട്: സ്കൂൾ വളപ്പിൽ വിദ്യാർത്ഥികൾക്ക് ലഘുഭക്ഷണവും ഊണും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ 'സ്കൂഫേ' പദ്ധതി കൂടുതൽ വിദ്യാലയങ്ങളിലേക്ക്. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളിലാണ് 'സ്കൂഫേ'കളുള്ളത്. രണ്ടാം ഘട്ടത്തിൽ 15 സ്കൂളിൽ കഫേകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 21 സ്കൂളുകളിലാണ് കഫേ ആരംഭിച്ചത്. ഭക്ഷണത്തിന് പുറമേ കുട്ടികൾക്ക് അത്യാവശ്യമായ പേന, പെൻസിൽ, നോട്ട്ബുക്കുകൾ എന്നിവയും 'സ്കൂഫേ' യിൽ ലഭിക്കും. ഗുണനിലവാരവുമുള്ള ഭക്ഷണപദാർഥങ്ങൾ ലഭ്യമാക്കുക, കുട്ടികൾ അനാവശ്യമായി സ്കൂൾ കോമ്പൗണ്ട് വിട്ട് പുറത്ത് പോകുന്ന ശീലം ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കുടുംബശ്രീ സ്‌കൂഫെ ആരംഭിച്ചത്‌. അനാവശ്യമായി പുറത്തു പോകുന്ന കുട്ടികൾ ലഹരി മാഫിയകളുടെ പിടിയിലകപ്പെടാതിരിക്കാനും ഒ​​രു​​പ​​രി​​ധി​​വ​​രെ സ്കൂ​​ഫേ സാധിക്കും. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുമണിവരെ സ്‌കൂഫേ പ്രവര്‍ത്തിക്കും. സി.ഡി.എസുകൾ( കമ്യൂണിറ്റി ഡെവലപ്പ്മെന്റ് സൊസെെറ്റി) തിരഞ്ഞെടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലെ വനിതകളാണ് സ്കൂഫേയിലെ ജീവനക്കാർ. ഗ്രൂപ്പായും വ്യക്തിഗതമായും നടത്തുന്ന സ്കൂഫേകളുമുണ്ട്.

സ്കൂഫേയിൽ ഇവ

ചായ, കാപ്പി, ലൈം ജ്യൂസ്, ജ്യൂസുകൾ, ഷേക്ക്, ചെറുകടികൾ, ചപ്പാത്തി

കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളുമില്ലാത്ത സ്കൂളുകളിൽ കിയോസ്കുകൾ സ്ഥാപിച്ച് സ്കൂഫേ ആരംഭിക്കാനാണ് മൂന്നാം ഘട്ടത്തിൽ ആലോചിക്കുന്നത്.

പി.സി കവിത,​ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ

ആദ്യഘട്ടത്തിൽ - 21

രണ്ടാം ഘട്ടത്തിൽ - 15 സ്കൂൾ