നിപ കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു

Sunday 03 August 2025 1:49 AM IST

 ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ

പാലക്കാട്: നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് ഗവ.മെഡിക്കൽ കോളേജിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. ജില്ലയിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലായ് മൂന്നിനാണ് കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയത്. വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം നിപ പ്രതിരോധത്തിൽ വലിയ വിജയമായി. ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ഹോമിയോ, ആയുർവേദ, വനം വന്യജീവി, സിവിൽ സപ്ലൈസ് വകുപ്പ്, പൊലീസ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം രോഗവ്യാപനം തടയുന്നതിൽ നിർണായക പങ്ക് വഹിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ 27 കമ്മിറ്റികളെയും ജില്ലാ കളക്ടർ അഭിനന്ദിച്ചു. നിപ ബാധിത പ്രദേശമായിരുന്ന മണ്ണാർക്കാട് താലൂക്കിൽ മികച്ച സേവനം നൽകിയ ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരെയും കളക്ടർ പ്രത്യേകം അനുമോദിച്ചു. കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചെങ്കിലും, നിപ പ്രതിരോധത്തിനായി എല്ലാവരും ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.