സാഹിത്യത്തിലെ സാനുവിസം

Sunday 03 August 2025 12:48 AM IST

കൊച്ചി: ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് തുടങ്ങിയ സാഹിത്യാഭിമുഖ്യം ജീവിതാവസാനം വരെ തുടർന്ന എഴുത്തുകാരനാണ് പ്രൊഫ. എം.കെ.സാനു. ടോൾസ്റ്റോയിയുടെ 23 സാരോപദേശ കഥകളിൽ നിന്ന് തർജ്ജമ ചെയ്ത 'ഒരു മനുഷ്യന് എത്ര ഭൂമി വേണം" എന്ന ചെറു കഥയും ആലപ്പുഴ തുമ്പോളിയിലെ യുവാക്കൾ ചേർന്ന് തയ്യാറാക്കിയ 'യുവാവ്" എന്ന കൈയ്യെഴുത്ത് മാസികയിൽ എഴുതിയ 'സാഹിത്യവും സമൂഹവും" എന്ന നിരൂപണവുമായിരുന്നു ആദ്യത്തെ ചുവടുവയ്പുകൾ.

പിന്നീട് സാഹിത്യ ലോകത്തേക്ക് പൂർണമായും പ്രവേശിച്ച ശേഷം അമ്പതിലേറെ കൃതികൾ പ്രസിദ്ധീകരിച്ചു. അതിൽ 15എണ്ണം സാഹിത്യ വിമർശനങ്ങൾ. ഇതുവരെ 17 ജീവചരി​ത്ര കൃതി​കൾ രചി​ച്ചു. അടുത്തതി​ന്റെ പണി​പ്പുരയി​ലി​രി​ക്കെയാണ് വി​യോഗം. അദ്ധ്യാത്മ രാമായണം, ഭഗവത്ഗീത വ്യാഖ്യാനങ്ങൾ, മൂന്ന് യാത്രാ വിവരണങ്ങൾ, ശ്രീനാരായണ സന്ദേശം ഉൾപ്പെടെ മൂന്ന് ലേഖന സമാഹാരങ്ങൾ, 3പരിഭാഷകൾ, 2 ഓർമ്മക്കുറിപ്പുകൾ, ശ്രീനാരായണഗുരു, സഹോദരൻ അയ്യപ്പൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, വൈക്കം മുഹമ്മദ് ബഷീർ, മഹാകവി കുമാരനാശാൻ, എം.ഗോവിന്ദൻ, പാർവതി അമ്മ, അയ്യപ്പപ്പണിക്കർ, യുക്തിവാദി എം.സി.ജോസഫ്, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, വൈലോപ്പിള്ളി, സി.ജെ.തോമസ്, ഡോ. പി.പല്പു, പി.കേശവദേവ്, വി.കെ.വേലായുധൻ, കേസരി ബാലകൃഷ്ണപിള്ള എന്നീ ജീവചരിത്രങ്ങൾ, 'കർമ്മഗതി" (ആത്മകഥ), കുന്ദീദേവി (നോവൽ), അന്തിമേഘങ്ങളിലെ വർണഭേദങ്ങൾ (ആത്മകഥാംശമുള്ള അനുഭവക്കുറിപ്പുകൾ) എന്നിവയാണ് പ്രസിദ്ധീകരിച്ച പ്രധാന കൃതികൾ. സഹോദര സപ്തതി, കുമാരനാശാന്റെ കാവ്യപ്രപഞ്ചം, സഹോദരന്റെ പദ്യകൃതികൾ, ചങ്ങമ്പുഴയുടെ തിരഞ്ഞെടുത്ത കൃതികൾ, ടി.കെ.രാമകൃഷ്ണൻ, കുസുമത്തിന്റെ കൃതികൾ, ശ്രീനാരായണ സമീക്ഷ കുടുംബ വിജ്ഞാന കോശം, കൊച്ചി 2000 എന്നിങ്ങനെ 9 സാഹിത്യ സമ്പാദനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്രീനാരായണഗുരുവിന്റെ ശിഷ്യപരമ്പരയിലെ സ്വാമി ആനന്ദതീർത്ഥരുടെ ജീവചരിത്രമാണ് എഴുതിത്തീർക്കാനുണ്ടായിരുന്നത്.