കലാഭവൻ നവാസിന് ആയിരങ്ങളുടെ യാത്രാമൊഴി

Sunday 03 August 2025 12:58 AM IST

ആലുവ: സിനിമാ ചിത്രീകരണത്തിനെത്തി ലോഡ്ജ് മുറിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളത്തിന്റെ പ്രിയ ഹാസ്യതാരം കലാഭവൻ നവാസിന് ആയിരങ്ങളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്നലെ രാവിലെ കളമശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ചോറ്റാനിക്കര വൃന്ദാവൻ റസിഡൻസിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ നാലാംമൈലിൽ കുണ്ടേലി റോഡിലെ വീട്ടിൽ മൃതദേഹം എത്തിക്കുമ്പോഴേക്കും പരിസരം ജനസമുദ്രമായിരുന്നു. മൂന്ന് മണിയോടെ മൃതദേഹം നാലാംമൈൽ ഷറഫുൻഹുദ ജുമാമസ്ജിദിലും നാല് മണിയോടെ ആലുവ ടൗൺ മസ്ജിദിലുമെത്തിച്ചു. വൈകിട്ട് ആറോടെ കബറടക്കി.

സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി. രാജീവ് അന്തിമോപചാരം അർപ്പിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, സി.പി.എം ഏരിയ സെക്രട്ടിറി എ.പി. ഉദയകുമാർ എന്നിവരും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ - സാമൂഹിക സംഘടന നേതാക്കളും സിനിമ - മിമിക്രി മേഖലയിൽ നിന്നുള്ളവരും അന്തിമോപചാരം അർപ്പിച്ചു.

താരങ്ങളായ ദിലീപ്, സിദ്ദിഖ്, ജയൻ ചേർത്തല, ഷാജോൺ, ഇർഷാദ്, കോട്ടയം നസീർ, ധർമ്മജൻ ബോൾഗാട്ടി, പ്രജോദ്, കലാഭവൻ റഹ്മാൻ, സാജു കൊടിയൻ, ഹരിശ്രീ അശോകൻ, ഹരിശ്രീ യൂസഫ്, പ്രമോദ് മാള, ശ്വേതമേനോൻ, ദേവൻ, ബിനു അടിമാലി, സാജു ശ്രീധർ തുടങ്ങി നിരവധിപേർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.