കേരള ബാങ്കിൽ സ്വർണപ്പണയ വായ്പാ ക്യാമ്പെയിൻ ആരംഭിച്ചു

Sunday 03 August 2025 3:02 AM IST

കോഴിക്കോട്: '100 സുവർണ ദിനങ്ങൾ' എന്ന പേരിൽ കേരള ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക സ്വർണപ്പണയ വായ്പാ ക്യാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോപ്രകാശനവും വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. കോഴിക്കോട് കല്ലായ് റോഡിൽ ഹോട്ടൽ വുഡീസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് ബോർഡ് ചെയർമാൻ വി. രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ഡയറക്ടർ പി. ഗഗാറിൻ, മാനേജ്‌മെന്റ് ബോർഡ് മെമ്പർ പി.എ ഉമ്മർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജോർട്ടി എം. ചാക്കോ, ചീഫ് ജനറൽ മാനേജർമാരായ റോയ് എബ്രഹാം, എ. അനിൽകുമാർ, റീജിയണൽ ജനറൽ മാനേജർ ഷിബു എം. പി, ജനറൽ മാനേജർ അനിത എബ്രഹാം,​ ഡയറക്ടർ ഇ. രമേശ് ബാബു,​ ജനറൽ മാനേജർ ഡോ. ആർ. ശിവകുമാർ എന്നിവർ സംസാരിച്ചു. റോബർട്ട് ഓവൻ പുരസ്‌കാര ജേതാവും കേരള ബാങ്ക് ബോർഡ് ഒഫ് മാനേജ്‌മെന്റ് അംഗവുമായ പി. എ ഉമ്മറിനെ ആദരിച്ചു. സ്വർണപ്പണയ വായ്പാ വിതരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കോഴിക്കോട് ജില്ലയിലെ പയ്യോളി, കൊയിലാണ്ടി, പേരാമ്പ്ര, വയനാട് ജില്ലയിലെ കാട്ടിക്കുളം, കേണിച്ചിറ, പുൽപ്പള്ളി, മാനന്തവാടി ശാഖകൾക്ക് ഉപഹാരം നൽകി. ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന ക്യാമ്പെയിനിൽ ഒരു ലക്ഷം രൂപ വരെയുള്ള സ്വർണപ്പണയ വായ്പകൾക്ക് 100 രൂപയ്ക്ക് പ്രതിമാസ പലിശ 77 പൈസ മാത്രമായിരിക്കും.