സന്ധ്യ മയങ്ങി
കൊച്ചി: എറണാകുളം കാരിക്കാമുറി ആശാരി ലെയിനിലെ 'സന്ധ്യ" മയക്കത്തിലാണ്ടു. മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്ന കാലം മുതൽ പ്രൊഫ.എം.കെ. സാനുവിന്റെ സാഹിത്യ, സാമൂഹ്യ ജീവിതത്തിന് സാക്ഷ്യം വഹിച്ച വീടാണ് സന്ധ്യ.
അദ്ധ്യാപകൻ, എം.എൽ.എ, സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളും എണ്ണിയാലൊടുങ്ങാത്ത അനൗദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുള്ള പ്രൊഫ.എം.കെ. സാനുവിന്റെ വീട്ടിൽ ഒരു കാലത്തും സന്ദർശകർ ഒഴിഞ്ഞിട്ടില്ല. ആദ്യം ഒരു കിടപ്പു മുറി മാത്രമുള്ള ചെറിയ വീടായിരുന്നപ്പോഴും രണ്ടു നിലകളിലായി വലിയ വീടായപ്പോഴും സന്ദർശകരെ സ്വീകരിക്കുന്നതിൽ ഒരു പിശുക്കും വരുത്തിയിട്ടില്ല. ഒരിക്കൽ ആത്മമിത്രമായും പിന്നീട് കടുത്ത ശത്രുവായും മാറിയ ഡോ. സുകുമാർ അഴീക്കോടിന് ഒരിക്കൽ അസുഖം ബാധിച്ചപ്പോൾ പഴയ ഒറ്റമുറി വീട്ടിലെ പരിമിതികൾക്കുള്ളിൽ ഒരാഴ്ചയോളം താമസിപ്പിച്ച് ശുശ്രൂഷിച്ച ചരിത്രവുമുണ്ട്.
നിരവധി സന്ദർഭങ്ങളിൽ ഒട്ടേറെ രാഷ്ട്രീയ, സാമൂഹ്യ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാനുള്ള വേദിയായും സന്ധ്യ മാറി. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ, ന്യായാധിപന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി പ്രമുഖരും പ്രശസ്തരും വന്നു പോയിട്ടുള്ള വീട് ഇനി ചരിത്രത്തിന്റെ ഭാഗം.