'ചങ്ങാതിക്കൊരു തൈ"യുമായി ഹരിതകേരളം മിഷൻ

Sunday 03 August 2025 12:07 AM IST

തിരുവനന്തപുരം: 'ഒരു തൈ നടാം" ജനകീയ വൃക്ഷവത്കരണ കാമ്പെയിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ച് ഹരിതകേരളം മിഷൻ. സൗഹൃദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ 10ലക്ഷത്തിലധികം വൃക്ഷത്തൈകൾ കൈമാറുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു. ലോകസൗഹൃദ ദിനമായ ഇന്നും തുടർന്നുള്ള ദിവസങ്ങളിലുമായാണ് തൈകൾ കൈമാറുന്നത്.

സ്‌കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ, ക്ലബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാദ്ധ്യമ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകൾ കൈമാറുന്നത്. കുട്ടികളിൽ പരിസ്ഥിതി സ്‌നേഹം വളർത്താനും നെറ്റ് സീറോ കാർബൺ കേരളം, പരിസ്ഥിതി പുനഃസ്ഥാപനം എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയുമാണ് ചങ്ങാതിക്കൊരു തൈ പരിപാടി സംഘടിപ്പിക്കുന്നത്.