ട്രെയിനിൽ വിലസിയ വ്യാജ എസ്.ഐ പിടിയിൽ

Sunday 03 August 2025 12:08 AM IST

ആലപ്പുഴ: എസ്.ഐയെന്ന വ്യാജേന യൂണിഫോം ധരിച്ച് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ വിലസിയ യുവാവ് പിടിയിലായി. തിരുവനന്തപുരം സ്വദേശി അഖിലേഷാണ് (30) ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ് പ്രസിൽ നിന്ന് വെള്ളിയാഴ്ച രാത്രി പിടിയിലായത്.

ട്രെയിനിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്ക് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്. പരിചയപ്പെടാനെന്ന രീതിയിൽ അടുത്തുകൂടിയ പൊലീസുകാരോട് ഇരിങ്ങാലക്കുട സ്റ്രേഷനിലെ എസ്.ഐയാണെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. ഇരിങ്ങാലക്കുടയിൽ അന്വേഷിച്ചപ്പോൾ ഈ പേരിൽ എസ്.ഐയില്ലെന്ന് വ്യക്തമായതോടെ പൊലീസുകാർ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലിറക്കി ആർ.പി.എഫിന് കൈമാറി. ആർ.പി.എഫ് സി.ഐ പ്രിൻസിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരത്ത് പൊലീസ് യൂണിഫോം തുന്നുന്ന സ്ഥലത്താണ് ഡ്രസ് തുന്നിച്ചതെന്ന് സമ്മതിച്ചു. ആൾമാറാട്ടത്തിന് കേസ്‌രജിസ്റ്റർ ചെയ്തതായി ആർ.പി.എഫ് അറിയിച്ചു.